2000 കിലോ മീറ്ററോളം ഇന്ത്യൻ ഭൂമി ചൈന കയ്യേറിയെന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞുവെന്ന് ഹർജി പരിഗണിക്കവേ രാഹുൽ ഗാന്ധിയോട് സുപ്രീം കോടതി ചോദിച്ചു.

ദില്ലി: അപകീർത്തി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. 2000 കിലോ മീറ്ററോളം ഇന്ത്യൻ ഭൂമി ചൈന കയ്യേറിയെന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞുവെന്ന് ചോദിച്ച കോടതി, നിങ്ങളൊരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ഇങ്ങനെ പറയുകയില്ലായിരുന്നുവെന്നും ദത്ത തുറന്നടിച്ചു.

ഇന്ത്യൻ ആർമിയുമായി ബന്ധപ്പെട്ട പരാമർശത്തിലെടുത്ത അപകീർത്തി കേസ് റദ്ദാക്കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. ഇന്ത്യയുടെ 2000 കിലോ മീറ്ററോളം ഭൂമി ചൈനക്ക് അടിയറവ് വെച്ചെന്ന ഭാരത് ജോഡോ യാത്രാ വേളയിൽ നടത്തിയ പരാമർശത്തിന്മേലായിരുന്നു അപകീർത്തി കേസെടുത്തത്.

ജസ്റ്റിസ് ദീപങ്കർ ദത്തയും ജസ്റ്റിസ് എ.ജി. മസിഹും അടങ്ങുന്ന ബെഞ്ച് ഈ പരാമർശങ്ങൾക്കെതിരെ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. ‘’2020 ജൂണിൽ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിലുണ്ടായ സംഘർഷങ്ങളെയും 20 ഇന്ത്യൻ സൈനികരുടെ മരണത്തെയും കുറിച്ചായിരുന്നു പരാമർശം. സംഘർഷത്തിന് ശേഷം 2,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം ചൈന കൈയടക്കിയെന്നായിരുന്നു പരാമർശം''. ഇതിന് നരേന്ദ്ര മോദി സർക്കാരിനെയാണ് താൻ കുറ്റപ്പെടുത്തിയതെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടിരുന്നു. 

"നിങ്ങൾ അവിടെയുണ്ടായിരുന്നോ? നിങ്ങൾക്ക് വിശ്വസനീയമായ തെളിവുകളുണ്ടോ?" കോടതി രാഹുൽ ഗാന്ധിയോട് ചോദിച്ചു. 'ഇതൊന്നും പറയാൻ അദ്ദേഹത്തിന് കഴിയുന്നില്ലെങ്കിൽ അദ്ദേഹത്തിനെങ്ങനെ പ്രതിപക്ഷ നേതാവാകാൻ കഴിയുമെന്ന് കോൺഗ്രസ് നേതാവിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി മറുപടി നൽകി.

ക്രിമിനൽ പരാതിയിൽ പോലീസ് രാഹുൽ ഗാന്ധിക്ക് മുൻകൂട്ടി വാദം കേൾക്കാൻ അനുവാദം നൽകാതെ കേസെടുത്തതുൾപ്പെടെയുള്ള നടപടിക്രമങ്ങളിലെ പിഴവുകൾ സിംഗ്വി ചൂണ്ടിക്കാട്ടി. ഇതോടെയാണ് കേസ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ അപേക്ഷയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചത്.

YouTube video player