ടിസിഎസ് നാസിക് ശാഖയിലെ ലൈംഗികാതിക്രമ പരാതികൾക്ക് പിന്നാലെ, ഒരു പുരുഷ ജീവനക്കാരനും ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. തന്നെ നിർബന്ധിച്ച് നമസ്കരിപ്പിക്കുകയും മതചിഹ്നങ്ങൾ ഉപേക്ഷിപ്പിക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി.

മുംബൈ: രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന്റെ നാസിക് ശാഖയിൽ വനിതാ ജീവനക്കാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ പരാതികൾക്ക് പിന്നാലെ, ഒരു പുരുഷ ജീവനക്കാരനും വെളിപ്പെടുത്തലുമായി രംഗത്ത്. തന്നെക്കൊണ്ട് നിർബന്ധിച്ച് തൊപ്പി ധരിപ്പിക്കുകയും നമസ്കരിപ്പിക്കുകയും ചെയ്തതായി ഇദ്ദേഹം ആരോപിക്കുന്നു. ഇതിനുപുറമെ, തന്റെ വ്യക്തിജീവിതത്തെ അപമാനിച്ചതായും കുട്ടികളില്ലാത്തതിനെ പരിഹസിച്ച് അത്യന്തം മോശമായ പരാമർശങ്ങൾ നടത്തിയതായും അദ്ദേഹം ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ഭാര്യയെ തന്റെ അടുത്തേക്ക് അയക്കൂ എന്ന് പറഞ്ഞുവെന്നുള്ള ​ഗുരുതര വെളിപ്പെടുത്തലാണ് പുറത്ത് വന്നിട്ടുള്ളത്.

2022-ൽ ജോലിയിൽ പ്രവേശിച്ച നാൾ മുതൽ തൗസിഫ് അത്താർ, ഡാനിഷ് ഷെയ്ഖ് എന്നിവർ തന്നെ ലക്ഷ്യം വെച്ചിരുന്നതായി ഇദ്ദേഹം പറയുന്നു. ഹിന്ദു മതവിശ്വാസിയായ തന്നെക്കൊണ്ട് നിർബന്ധിച്ച് കൽമ ചൊല്ലിക്കുകയും രുദ്രാക്ഷ മാല അഴിപ്പിക്കുകയും ചെയ്തു. രാത്രി ഷിഫ്റ്റുകൾക്ക് ശേഷം ഹോട്ടലുകളിൽ കൊണ്ടുപോയി സസ്യാഹാരിയായ തന്നെക്കൊണ്ട് നിർബന്ധിച്ച് മാംസാഹാരം കഴിപ്പിച്ചു. 2023-ലെ ഈദ് ദിനത്തിൽ നിർബന്ധപൂർവ്വം നമസ്കരിപ്പിക്കുകയും ആ ചിത്രങ്ങൾ ഓഫീസിലെ ഔദ്യോഗിക ഗ്രൂപ്പുകളിൽ പങ്കുവെച്ച് തന്നെ അപമാനിക്കുകയും ചെയ്തു. തന്റെ പിതാവിന് പക്ഷാഘാതം വന്നപ്പോൾ ഇസ്‌ലാം മതം സ്വീകരിച്ചാൽ അദ്ദേഹം സുഖപ്പെടുമെന്ന് പ്രതികൾ പറഞ്ഞതായും ഇദ്ദേഹം ആരോപിച്ചു.

ഈ സംഭവവുമായി ബന്ധപ്പെട്ട് ഡാനിഷ്, തൗസിഫ്, എച്ച്ആർ എക്സിക്യൂട്ടീവ് നിദ ഖാൻ എന്നിവരടക്കം ഒൻപതോളം പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു 23കാരിയായ വനിതാ ജീവനക്കാരി നൽകിയ ലൈംഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. താൻ വഴങ്ങാതെ വന്നപ്പോൾ തനിക്കെതിരെ വ്യാജ പരാതികൾ നൽകി ജോലിയിൽ നിന്ന് പുറത്താക്കാൻ പ്രതികൾ ശ്രമിച്ചതായും ഇരയായ ജീവനക്കാരൻ പറഞ്ഞു. 2026 മാർച്ച് വരെ ഈ പീഡനം തുടർന്നതായാണ് വിവരം. നിലവിൽ ഒൻപതോളം കേസുകളാണ് ഐടി ഭീമന്റെ നാസിക് ശാഖയുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.