യുകെയിലെ വെസ്റ്റ്മിൻസ്റ്റർ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസിൽ പ്രൊഫസറാണ് നിതാഷ കൗൾ. കർണാടക സർക്കാരിന്‍റെ ക്ഷണമുണ്ടായിട്ടും, എല്ലാ രേഖകളും കൃത്യമായിരുന്നിട്ടും തന്നെ തിരിച്ചയച്ചെന്നാണ് നിതാഷ കൗൾ പറയുന്നത്.
ബംഗളൂരു: യുകെ സ്വദേശിനിയായ പ്രൊഫസർ നിതാഷ കൗളിനെ കേന്ദ്ര സർക്കാർ തടഞ്ഞ് തിരിച്ചയച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. കർണാടക സർക്കാർ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സംവാദ വേദിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു പ്രൊഫ. നിതാഷ കൗൾ. ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് പ്രൊഫ. കൗളിനെ കസ്റ്റഡിയിലെടുത്ത് ഇമിഗ്രേഷൻ അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു.
യുകെയിലെ വെസ്റ്റ്മിൻസ്റ്റർ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസിൽ പ്രൊഫസറാണ് നിതാഷ കൗൾ. കർണാടക സർക്കാരിന്‍റെ ക്ഷണമുണ്ടായിട്ടും, എല്ലാ രേഖകളും കൃത്യമായിരുന്നിട്ടും തന്നെ തിരിച്ചയച്ചെന്നാണ് നിതാഷ കൗൾ പറയുന്നത്. ദില്ലിയിൽ നിന്നുള്ള നിർദേശമാണ്, ഒന്നും ചെയ്യാനില്ലെന്ന് ഇമിഗ്രേഷൻ അധികൃതർ പറഞ്ഞെന്നും നിതാഷ കൗൾ അറിയിച്ചു.
ആർഎസ്എസിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിനാണ് തന്നെ തടഞ്ഞതെന്നാണ് നിതാഷ കൗളിന്‍റെ ആരോപണം. കൃത്യമായ കാരണം കാണിക്കാതെ 24 മണിക്കൂറാണ് റിട്ടേൺ ഫ്ലൈറ്റിന് മുന്നെ തന്നെ ഒരു മുറിയിൽ അടച്ചിട്ടത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന് പേനയെ ഭയമാണോ എന്നും പ്രൊഫ. നിതാഷ കൗൾ ചോദിക്കുന്നു.
