ദില്ലി: കോടതിയലക്ഷ്യ കേസിൽ നാമമാത്രമായ പിഴയാണ് സുപ്രീംകോടതി പ്രശാന്ത് ഭൂഷണിന് നല്കിയതെങ്കിലും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് വിധി. കോടതികളുടെ പ്രവർത്തനത്തെക്കുറിച്ച് വിമർശനം ഉന്നയിക്കാൻ നിലവിലുള്ള അതിരുകളും മാറുകയാണ്. കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണ് എന്ന് നേരത്തെ വിധിച്ച സാഹചര്യത്തിൽ നിലപാടു മാറ്റം ആരും പ്രതീക്ഷിച്ചില്ല. ഒരു രൂപ പിഴ മാത്രം നല്കി പന്ത് പ്രശാന്ത ഭൂഷണിൻറെ കോർട്ടിലേക്ക് മാറ്റുകയാണ് കോടതി ചെയ്തത്. 

ജസ്റ്റിസ് അരുൺ മിശ്രയുടെ ഈ വിധിക്കെതിരെ പ്രശാന്ത് ഭൂഷൺ പുനപരിശോധന ഹർജി നല്കിയാൽ അതിൻറെ അടിസ്ഥാനത്തിലാവും അന്തിമ തീരുമാനം. ജസ്റ്റിസ് അരുൺ മിശ്ര ബുധനാഴ്ച വിരമില്ലാലും വിധി പ്രസ്താവിച്ച മറ്റു രണ്ടു ജഡ്ജിമാർ ഹർജി പരിഗണിക്കാനുണ്ടാവും. ചീഫ് ജസ്റ്റിസിൻറെ കോടതിക്കു പുറത്തെ ഒരു പെരുമാറ്റമായിരുന്നു പ്രശാന്ത് ഭൂഷണിനെതിരായ നടപടിക്ക് ഇടയാക്കിയ ഒരു ട്വീറ്റ്. അതായത് വിധിയെ വിമർശിച്ചാൽ മാത്രമല്ല കോടതിയലക്ഷ്യം എന്ന ശക്തമായ സന്ദേശം. 

ജസ്റ്റിസ് വിആർ കൃഷ്ണയ്യർ ഉൾപ്പടെ സമാന പ്രസ്താവനകൾ നടത്തിയപ്പോൾ നല്ല ഉദ്ദേശ്യത്തോടെയാണെന്ന് വ്യഖ്യാനിച്ച് കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ച ചരിത്രമുണ്ട്. അറ്റോർണി ജനറൽ ശക്തമായി വാദിച്ചെങ്കിലും നാമമാത്രമായ പിഴയെങ്കിലും ശിക്ഷ ഒഴിവാക്കാൻ കോടതി
തയ്യാറായില്ല. പ്രശാന്ത് ഭൂഷൺ ജയിലിൽ പോകാനാണ് തീരുമാനിക്കുന്നതെങ്കിൽ അത് നീതിന്യായ വ്യവസ്ഥയിൽ വലിയ ചലനം ഉണ്ടാക്കും. 

ഒരു ദിവസം തടവും രണ്ടായിരം രൂപ പിഴയും, പിഴയടച്ചില്ലെങ്കിൽ 3 മാസം തടവ്. ഇതായിരുന്നു 2002ൽ അരുന്ധതി റോയിക്കു കോടതി നല്കിയ ശിക്ഷ. കോടതിക്കെതിരെ ദുരുദ്ദേശ്യപരമായ ആരോപണം ഉന്നയിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. അരുന്ധതി റോയി അന്ന് ഒരു ദിവസം ജയിലിൽ കിടന്ന ശേഷം പിഴ അടച്ച് തുടർശിക്ഷ ഒഴിവാക്കി. 

Read Also: കോടതി അലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷണിന് ഒരു രൂപ പിഴ ശിക്ഷ; അടച്ചില്ലെങ്കിൽ ജയിൽ വാസം