ദില്ലി ലീല പാലസ് ഹോട്ടലിൽ കഴിഞ്ഞ ആഗസ്റ്റ് 1 മുതൽ നവംബർ 20 വരെ മൂന്ന് മാസത്തോളമാണ് മുഹമ്മദ് ഷരീഫ് മുറിയെടുത്ത് താമസിച്ചത്.

ദില്ലി: ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് കാൽകോടിയോളം രൂപയുടെ ബില്ലടയ്ക്കാതെ കടന്നുകളഞ്ഞയാൾ പിടിയിൽ. കർണാടക സ്വദേശി മുഹമ്മദ് ഷരീഫിനെയാണ് ദില്ലി പോലീസ് പിടികൂടിയത്. അബുദാബി സർക്കാർ ഉദ്യോഗസ്ഥനാണെന്ന് ഹോട്ടൽ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് മൂന്ന് മാസത്തോളം ഇയാൾ മുറിയെടുത്ത് താമസിച്ചത്. മുറിയിലെ വിലപിടിപ്പുള്ള സാധനങ്ങൾ ഇയാൾ മോഷ്ടിച്ചെന്നും ഹോട്ടൽ അധികൃതരുടെ പരാതിയിലുണ്ട്.

ദക്ഷിണ കന്നഡ സ്വദേശി മുഹമ്മദ് ഷരീഫിനെ ബംഗളൂരുവിൽ വച്ചാണ് ദില്ലി പോലീസ് പിടികൂടിയത്. ദില്ലി ലീല പാലസ് ഹോട്ടലിൽ കഴിഞ്ഞ ആഗസ്റ്റ് 1 മുതൽ നവംബർ 20 വരെ മൂന്ന് മാസത്തോളമാണ് മുഹമ്മദ് ഷരീഫ് മുറിയെടുത്ത് താമസിച്ചത്. അബുദാബി സർക്കാറിലെ ഉദ്യോഗസ്ഥനാണെന്നും ബിസിനസ് ആവശ്യങ്ങൾക്കായാണ് ഇന്ത്യയിലെത്തിയതെന്നുമാണ് ഇയാൾ ഹോട്ടൽ ജീവനക്കാരെ അറിയിച്ചിരുന്നത്. 20 ലക്ഷം രൂപയുടെ വ്യാജ ചെക്കും വ്യാജ ബിസിനസ് കാർഡും മുറിയെടുക്കുമ്പോൾ ഹോട്ടലിൽ നൽകിയിരുന്നു. 

മുറിയിലെ വിലപിടിപ്പുള്ള വെള്ളി ഉപകരണങ്ങളടക്കം മോഷ്ടിച്ചാണ് ഇയാൾ കടന്നുകളഞ്ഞതെന്ന് കാട്ടി ഹോട്ടൽ മാനേജർ പോലീസിൽ പരാതി നൽകി. ആകെ 23 ലക്ഷത്തി നാൽപത്തിയാറായിരത്തി നാനൂറ്റി പതിമൂന്ന് രൂപയുടെ നഷ്ടമുണ്ടായെന്നാണ് പരാതി. വ്യാഴാഴ്ച ബംഗളൂരുവിൽ വച്ച് പിടികൂടിയ ഷരീഫിനെ ഇന്ന് ദില്ലിയിലെത്തിച്ചു. പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ട് ദിവസത്തെ പോലീസ് കസ്ററഡിയിൽ വിട്ടു. ഇയാൾ രാജ്യത്തെ മറ്റ് നഗരങ്ങളിലും താമസിച്ചിട്ടുണ്ട്, അതേകുറിച്ചും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.