ട്രാക്ടര്‍ റാലിക്കിടെയാണ് ദേശീയപതാകയ്ക്കൊപ്പം മറ്റ് പതാകകള്‍ ഉയര്‍ത്തിയത്. ഈ കേസില്‍ പൊലീസ് തിരയുന്ന ജുഗ്രാജ് സിംഗിന്‍റെ പിതാവിനെയാണ് ആദരിച്ചത്. 

പഞ്ചാബ്: ജനുവരി 26ന് ദില്ലിയിലെ ചെങ്കോട്ടയില്‍ നിഷാന്‍ സാഹിബിന്‍റെ പതാക ഉയര്‍ത്തിയ യുവാവിന്‍റെ കുടുംബത്തിന് ആദരം. ചെങ്കോട്ടയില്‍ കര്‍ഷക സമരത്തിന്‍റെ ഭാഗമായി നടത്തിയ ട്രാക്ടര്‍ റാലിക്കിടെയാണ് ദേശീയപതാകയ്ക്കൊപ്പം മറ്റ് പതാകകള്‍ ഉയര്‍ത്തിയത്. ഈ കേസില്‍ പൊലീസ് തിരയുന്ന ജുഗ്രാജ് സിംഗിന്‍റെ പിതാവിനെയാണ് ആദരിച്ചത്. ചെങ്കോട്ടയില്‍ ജനുവരി 26നുണ്ടായ സംഘര്‍ഷത്തിനിടെ മരിച്ച നവ്റീത് സിംഗിന്‍റെ ഓര്‍മ്മയ്ക്കായി പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന ചടങ്ങിലാണ് സംഭവം.

വിവിധ സിഖ് സംഘടനകളുടെ അംഗങ്ങളും സംയുക്ത കിസാന്‍ മോര്‍ച്ചയുടെ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരി 26ലെ സംഘര്‍ഷത്തിന് ശേഷം ദില്ലി പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ലാഖ സിദ്ധാനയ്ക്ക് ഈ സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ ലാഖ സിദ്ധാന യോഗത്തിനെത്തിയില്ല. സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ അംഗമായ ബികെയു പ്രസിഡന്‍റ് അംഗമായ സുര്‍ജിത് സിംഗ് അടക്കം ഈ യോഗത്തില്‍ പങ്കെടുത്തു. ബുധനാഴ്ചയാണ് യോഗം നടന്നത്. സിഖ് യൂത്ത് ഓഫ് പഞ്ചാബാണ് യോഗത്തിന്‍റെ സംഘാടകര്‍.

കര്‍ഷക സമരത്തില്‍ ഭാഗമായി ജീവന്‍ നഷ്ടമായ എല്ലാ കര്‍ഷകരുടേയും ബഹുമാനാര്‍ത്ഥമായിരുന്നു യോഗം. കര്‍ഷക സമരത്തിനിടെ ജീവന്‍ നഷ്ടമായവരെ വിസ്മരിക്കാന്‍ അവസരമുണ്ടാക്കില്ലെന്നും കൂടുതല്‍ ശക്തമായും സമരം മുന്നോട്ട് പോകുമെന്നും യോഗം വിശദമാക്കി. കേന്ദ്രസര്‍ക്കാരിന്‍റെ അഹങ്കാരം നിറഞ്ഞ പെരുമാറ്റവും തുടര്‍ച്ചയായി സമരത്തെ അവഗണിക്കുന്നത് തുടര്‍ന്നാലും കാര്‍ഷിക നിയമം റദ്ദാക്കുന്നത് വരെ സമരം തുടരുമെന്നും യോഗം വ്യക്തമാക്കി. മാര്‍ച്ച് 26ന് നടക്കുന്ന ഭാരത് ബന്ദിനുള്ള പിന്തുണ വ്യക്തമാക്കിയാണ് യോഗം പിരിഞ്ഞത്.