Asianet News MalayalamAsianet News Malayalam

ബംഗാൾ റാലിയിൽ അമിത് ഷായുടെ ഉന്നം മമത, ആയുധം സിഎഎ - റാലിയിൽ 'ഗോലി മാരോ'

ബംഗാൾ പ്രാദേശിക തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. പൗരത്വ നിയമഭേദഗതിക്ക് ശേഷം നടന്ന ദില്ലി തെരഞ്ഞെടുപ്പിൽ കനത്ത പരാജയമേറ്റുവാങ്ങിയ ബിജെപി, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലും ബംഗാളിലും തോൽക്കാൻ തയ്യാറല്ല. അതുകൊണ്ടുതന്നെ കാലേക്കൂട്ടി പ്രചാരണത്തിന് തുടക്കമിടുന്നു അമിത് ഷാ.

in bengal campaign launch amit shah aims mamata   banerjee using caa
Author
Kolkata, First Published Mar 1, 2020, 4:44 PM IST

കൊൽക്കത്ത: പശ്ചിമബംഗാളിൽ വീണ്ടും ''പരിവർത്തൻ'' (മാറ്റം) മുദ്രാവാക്യമുന്നയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 35 വർഷത്തെ ഇടത് ഭരണത്തെ അട്ടിമറിക്കാൻ മമതാ ബാനർജി ഏറ്റവുമധികം ഉപയോഗിച്ച മുദ്രാവാക്യമാണ് വീണ്ടും അമിത് ഷാ മമതയെ അടിതെറ്റിക്കാൻ ഉന്നയിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പശ്ചിമബംഗാൾ മുൻസിപ്പൽ തെരഞ്ഞെടുപ്പ് പടിവാതിലിലെത്തി നിൽക്കേ, കാലേകൂട്ടി പ്രചാരണം കൊഴുപ്പിക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ് ബിജെപി.

കൊൽക്കത്ത നഗരത്തിന്‍റെ ഹൃദയഭാഗത്ത് നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മമതാ ബാനർജിയെ ലക്ഷ്യമിട്ട്, സിഎഎ ഉയർത്തിക്കാട്ടിയാണ് അമിത് ഷായുടെ പ്രചാരണം തുടങ്ങിയത്. ശനിയാഴ്ച ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‍നായിക് വിളിച്ച കൂടിക്കാഴ്ചയ്ക്ക് എത്തിയ മമത, കേന്ദ്രആഭ്യന്തരമന്ത്രിയുടെ എതിരെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് തൊട്ടുപിറ്റേന്നാണ് മമതയെ കടന്നാക്രമിച്ച് അമിത് ഷാ രംഗത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

At a public meeting in Kolkata, West Bengal. #AarNoiAnnay https://t.co/XhUGYSySX1

— Amit Shah (@AmitShah) March 1, 2020

അതേസമയം, അമിത് ഷായുടെ റാലിയിലേക്ക് എത്തിയ ബിജെപി പ്രവർത്തകർ പലയിടത്ത് നിന്നും വിവാദമായ ''ഗോലി മാരോ'' മുദ്രാവാക്യങ്ങൾ വിളിച്ചുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും, പിന്നീട്, ദില്ലി കലാപത്തിന് തൊട്ടുമുമ്പും, കലാപം നടക്കുന്ന സമയത്തും, ''ദേശ് കി ഗദ്ദാരോം കോ, ഗോലി മാരോ സാ***ൻ കോ'' (ദേശദ്രോഹികളെ വെടിവെച്ച് കൊല്ലൂ) എന്ന പ്രകോപനപരമായ, അക്രമത്തിന് പ്രേരണ നൽകുന്ന മുദ്രാവാക്യം ഉയർന്നതാണ്. അവിടെ നിന്ന് ദില്ലി മെട്രോ സ്റ്റേഷനിലടക്കം ഈ മുദ്രാവാക്യം വിളി ഉയരുന്ന അവസ്ഥയാണ്. 

BJP workers raise 'goli maro...' slogan en route to venue of Amit Shah's rally in Kolkata

— Press Trust of India (@PTI_News) March 1, 2020

''മമതാ ദീദിയോട് എനിക്ക് ചോദിക്കാനുള്ളത് ഒരു കാര്യമാണ്. എന്തിനാണ് നിങ്ങൾ സിഎഎയുടെ പേരിൽ നമ്മുടെ നാട്ടിലെത്തിയ അഭയാർത്ഥികളുടെ വികാരങ്ങളിൽ തൊട്ടുകളിക്കുന്നത്? നിങ്ങൾക്ക് നുഴഞ്ഞുകയറ്റക്കാരുടെ കാര്യത്തിൽ മാത്രമാണ് ശ്രദ്ധ. അഭയാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നു, ഭീഷണിപ്പെടുത്തുന്നു, ഭയപ്പെടുത്തുന്നു. നമ്മുടെ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്ത ഹിന്ദുക്കളെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്തതാണ്. അവർക്ക് പൗരത്വം കൊടുക്കേണ്ടേ?'', അമിത് ഷാ.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരം പിടിക്കുമെന്ന് അമിത് ഷാ അവകാശപ്പെടുന്നു. ചെറിയ വിജയമായിരിക്കില്ല അത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം 2021-ൽ നടക്കാനിരിക്കുന്ന അടുത്ത നിയമസഭാ തെര‍ഞ്ഞെടുപ്പിൽ ബിജെപി നേടും. ഒരാളുടെയും പൗരത്വം സിഎഎ കവർന്നെടുക്കില്ല. പ്രതിപക്ഷം ജനങ്ങളെയും അഭയാർത്ഥികളെയും ഭയപ്പെടുത്താനാണ് ശ്രമിക്കുന്നത്. സിഎഎയുടെ പേരിൽ കലാപമുണ്ടാക്കാനാണ് മമതാ ബാനർജി ശ്രമിച്ചത് - അമിത് ഷാ പറയുന്നു.

രാമക്ഷേത്രത്തെക്കുറിച്ച് പറയാൻ അമിത് ഷാ മറന്നില്ല. കുറച്ച് മാസങ്ങൾക്കുള്ളിൽ അയോധ്യയിൽ മഹത്തരമായ ഒരു രാമക്ഷേത്രം ഉയരുമെന്ന് പ്രചാരണറാലിയിൽ അമിത് ഷാ. 

മുൻസിപ്പൽ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണത്തിന്‍റെ ഔദ്യോഗിക തുടക്കമായിരുന്നു ഈ പ്രചാരണറാലി. 'ആർ നോയി അന്യായ്' (ഇനി വേണ്ട അന്യായം) എന്നായിരുന്നു പ്രചാരണപരിപാടിയുടെ പേര്. ദില്ലിയിൽ നടന്ന വർഗീയകലാപത്തിന് പിന്നാലെ, കൊൽക്കത്തയിൽ ഇന്ന് രാവിലെയെത്തിയ അമിത് ഷായ്ക്ക് നേരെ ഇടത് വിദ്യാർത്ഥി സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു റാലി. 

Visited the Kalighat Temple in Kolkata and took blessings of Maa Kali. pic.twitter.com/dipxnx3l3n

— Amit Shah (@AmitShah) March 1, 2020
Follow Us:
Download App:
  • android
  • ios