സംഭവത്തിൽ രേഷ്മയുടെ ഭര്‍തൃപിതാവ് കൃഷൻ, ഭര്‍തൃമാതാവ് ദുലരി, ബന്ധു അജയ് എന്നിവരാണ് അറസ്റ്റിലായത്
ലുധിയാന: മരുമകളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭര്‍തൃ മാതാപിതാക്കളും ബന്ധുവും അറസ്റ്റിൽ. പഞ്ചാബിലെ ലുധിയാനയിലെ ആരതി ചൗക്കിലാണ് 30കാരിയായ രേഷ്മയെ കൊലപ്പെടുത്തിയശേഷം ചാക്കിൽ കെട്ടി റോഡരികിൽ തള്ളിയത്. യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ചാക്കിലാക്കുകയായിരുന്നു.
സംഭവത്തിൽ രേഷ്മയുടെ ഭര്‍തൃപിതാവ് കൃഷൻ, ഭര്‍തൃമാതാവ് ദുലരി, ബന്ധു അജയ് എന്നിവരാണ് അറസ്റ്റിലായത്. കൃഷ്ണനും ബന്ധുവായ അജയും മൃതദേഹം റോഡരികിൽ തള്ളിയതാണ് കേസിൽ വഴിത്തിരിവായത്. റോഡരികിൽ മൃതദേഹം അടങ്ങിയ ചാക്ക് ഉപേക്ഷിക്കുന്നത് കണ്ട പ്രദേശവാസികള്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇരുവരും ബൈക്കിൽ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
കേടായ മാങ്ങയാണ് ചാക്കിലെന്നാണ് പ്രദേശവാസികളോട് ആദ്യം ഇരുവരും പറഞ്ഞത്. പിന്നീട് ചത്തുപോയ വളര്‍ത്തു നായയെ ഉപേക്ഷിച്ചതാണെന്നും പറഞ്ഞു. ഇതിനിടെ ഇരുവരും സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പൊലീസെത്തി ചാക്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് മൂക്കിൽനിന്നടക്കം രക്തം വാര്‍ന്ന നിലയിൽ രേഷ്മയുടെ മൃതദേഹം കണ്ടെത്തിത്.
രേഷ്മ രാത്രിയിൽ വീട്ടുകാരുടെ സമ്മതമില്ലാതെ പുറത്തുപോയി ഏറെ വൈകി വരുന്നതിൽ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കത്തിനൊടുവിൽ ഭര്‍തൃമാതാപിതാക്കള്‍ ചേര്‍ന്ന് രേഷ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇന്‍സ്പെക്ടര്‍ അമര്‍ജിത്ത് സിങ് പറഞ്ഞു. സഞ്ചരിച്ചിരുന്ന ബൈക്കിന്‍റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
മൃതദേഹം ചാക്കിൽ കെട്ടി തള്ളാനുള്ള ശ്രമത്തിനിടെ പ്രദേശവാസികള്‍ ഇരുവരെയും ചോദ്യം ചെയ്യുന്ന വീഡിയോയും പൊലീസിന് ലഭിച്ചിരുന്നു. റോഡരികിൽ ചാക്ക് ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ പ്രതികളെ ചോദ്യം ചെയ്യുന്നതിന്‍റെ വീഡിയോ സാമൂഹകി മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് സ്വദേശിനിയായ രേഷ്മയുമായി ഭര്‍തൃമാതാപിതാക്കള്‍ തര്‍ക്കത്തിലേര്‍പ്പെടുന്നത് പതിവായിരുന്നു.
സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനാണ് പ്രതികളിലൊരാളായ രേഷ്മയുടെ ഭര്‍തൃപിതാവ് കൃഷൻ. വീടിന് പുറത്തിറങ്ങി കറങ്ങാൻ പോകുന്ന രേഷ്മ രാത്രി ഏറെ വൈകി 11മണിയോടെയാണ് വീട്ടിൽ തിരിച്ചെത്തിയിരുന്നതെന്നും ഇതാണ് കൊലയിലേക്ക് നയിച്ച കാരണമെന്നും പൊലീസ് പറഞ്ഞു. മൃതദേഹം തുണിയിൽ പൊതിഞ്ഞശേഷമാണ് ചാക്കിലേക്ക് മാറ്റിയത്.
തുടര്‍ന്ന് ബൈക്കിൽ വെച്ചുകെട്ടിയശേഷം ലുധിയാനയിലെ ആരതി ചൗക്കിന് സമീപം ഫിറോസ്പുര്‍ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലാണമ് രേഷ്മയുടെ ഭര്‍ത്താവ് താമസിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ തര്‍ക്കങ്ങളുണ്ടായിരുന്നു. കുറച്ചുമാസം മുമ്പാണ് ഉത്തര്‍പ്രദേശിലെ ഭര്‍ത്താവിനെ വിട്ട് രേഷ്മ ലുധിയാനയിലെ ഭര്‍തൃവീട്ടിലെത്തിയത്.


