രാത്രിയില്‍ ഉറങ്ങിക്കിടന്ന മകൾ ഇറങ്ങി നടക്കുകയും അബദ്ധത്തില്‍ കുളത്തില്‍ വീണ് മരിക്കുകയുമായിരുന്നു എന്നണ് നേഹ ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്.
യുഎസിലെ മിയാമിയിൽ കുളത്തില്‍ മുങ്ങിമരിച്ചെന്ന് കരുതിയ നാല് വയസുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ അമ്മയും ശിശുരോഗ വിദഗ്ദ്ധയുമായ നേഹ ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. മകൾ സ്വമ്മിംഗ് പൂളില്‍ മുങ്ങിമരിച്ചതാണെന്നായിരുന്നു നേഹ ഗുപ്ത ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, കുട്ടിയ കൊലപ്പെടുത്തിയ ശേഷം സ്വമ്മിംഗ് പൂളില്‍ വീണ് മരിച്ചതാണെന്ന് നേഹ നുണ പറയുകായായിരുന്നെന്ന് പോലീസ് പറയുന്നു.
ഒക്ലഹോമയിൽ നിന്നുള്ള 36 വയസ്സുള്ള ശിശുരോഗ വിദഗ്ദ്ധയായ നേഹ ഗുപ്ത, മുൻ ഭർത്താവിനൊപ്പം താമസിച്ചിരുന്ന മകൾ ആര്യ തലാത്തിയോടൊപ്പം എൽ പോർട്ടലിലെ ഒരു ഹ്രസ്വകാല വാടക വീട്ടിലെത്തിയതായിരുന്നു. ജൂൺ 27 ന് പുലർച്ചെ 4.30 ഓടെ അടിയന്തര നമ്പറായ 911 -ലേക്ക് വിളിച്ച് മകൾ റെസിഡൻഷ്യൽ പൂളിൽ മുങ്ങിമരിച്ചതായി ഇവര്‍ പോലീസിനെ അറിയിച്ചു. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ് ആര്യയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരിച്ചിരുന്നു.
പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ ഉറങ്ങാന്‍ കിടന്നിരുന്ന മകൾ രാത്രിയില്‍ താനറിയാതെ പുറത്തേക്കിറങ്ങി നടക്കുന്നതിനിടെ അബദ്ധത്തില്‍ സ്വിമ്മിംഗ് പൂളില്‍ വീണതാണെന്നായിരുന്നു നേഹ പറഞ്ഞത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടില്‍ കുട്ടിയുടെ ശ്വാസകോശത്തിലോ വയറ്റിലോ വെള്ളം കണ്ടെത്താനായില്ല. അതേസമയം കുട്ടിയുടെ വായിലും കവിളിലും ശക്തമായ പിടിച്ച് വച്ചതിന്‍റെ അടയാളങ്ങളുണ്ടായിരുന്നെന്ന് മെഡിക്കൽ എക്സാമിനറുടെ ഓഫീസ് റി്പ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് പോലീസിന് മരണത്തില്‍ സംശയം തോന്നിയത്. ഇതോടെ കുട്ടിയുടേത് മുങ്ങി മരണമല്ലെന്നും ശ്വസം മുട്ടിയുള്ള മരണമാണെന്നുമുള്ള നിഗമനത്തിലേക്ക് പോലീസെത്തി. എന്നാല്‍ കൊലപാതകക്കുറ്റം നേഹ ഇതുവരെ സമ്മതിച്ചിട്ടില്ല. നേഹ കുറ്റം ചെയ്യില്ലെന്നാണ് അവരുടെ അഭിഭാഷകനവും വാദിച്ചത്. അതേസമയം നേഹയ്ക്ക് ഒന്നാം ഡിഗ്രി കൊലപാതക കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. നേഹയെ അറസ്റ്റ് ചെയ്ത് ഫ്ലോറിഡയിലേക്ക് കൊണ്ട് പോയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.


