ബം​ഗളൂരു: ആൾദൈവം കൽക്കി ഭ​ഗവാന്റെ ആശ്രമത്തിലും സ്ഥാപനങ്ങളിലുമായി നടന്ന ആദായനികുതി വകുപ്പ് റെയ്ഡിൽ ഇതുവരെ 43.9 കോടി രൂപയും പതിനെട്ട് കോടിയുടെ യുഎസ് ഡോളറും പിടിച്ചെടുത്തു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന റെയ്ഡിൽ 88 കിലോ സ്വർണ്ണവും പിടിച്ചെടുത്തിട്ടുണ്ട്. ആദായനികുതി വകുപ്പിലെ എട്ടം​ഗ സംഘമാണ് കൽക്കി ആശ്രമമടക്കം പരിശോധന നടത്തിയത്.

ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ ആശ്രമത്തിലും തമിഴ്നാട്ടിലെ കൽക്കി ട്രസ്റ്റിന്റെ ബിസിനസ് സ്ഥാപനങ്ങളിലുമായിരുന്നു ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.റെയ്ഡ് നടക്കുന്ന സമയം കൽക്കി ഭ​ഗവാന്റെ ഭാര്യ അമ്മ ഭ​ഗവാനും മകൻ ക‍ൃഷ്ണാജിയും തമിഴ്നാട്ടിലായിരുന്നു. ഇവരുടെ വിശ്വസ്‌തൻ ലോകേശ് ​ദാസാജിയെ ഉദ്യോ​ഗസ്ഥർ ചോദ്യം ചെയ്തുവരുകയാണ്.

റിയൽ എസ്റ്റേറ്റ്, നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് കൽക്കി ബാബ ട്രസ്റ്റിന് എതിരെയുള്ളത്‌. രാഷ്ട്രീയ നേതാക്കളടക്കം ലക്ഷക്കണക്കിന് അനുയായികളാണ് ഇന്ത്യയിലും വിദേശത്തുമായി എഴുപതുക്കാരനായ കൽക്കി ഭഗവാനുള്ളത്.