Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ സജീവ കൊവിഡ് കേസുകള്‍ 4000 കടന്നു

കേരളത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു

India active Covid cases cross 4000 SSM
Author
First Published Dec 25, 2023, 11:01 AM IST

ദില്ലി: ഇന്ത്യയിൽ സജീവ കൊവിഡ്  കേസുകൾ 4000 കടന്നു, കേരളത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ഉപവകഭേദമായ ജെഎൻ1 കേസുകള്‍ വര്‍ദ്ധിക്കുകയാണ്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,054 സജീവ കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്. ഞായറാഴ്ച 3,742 ആയിരുന്നു ഇത്. പ്രതിദിന കേസുകള്‍ കുടുതല്‍ കേരളത്തിലാണ്. 128 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകള്‍ 3128 ആയി. ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 315 പേർ രോഗമുക്തി നേടി. രാജ്യത്താകെ കൊവിഡ് ഭേദമായവരുടെ എണ്ണം 4.44 കോടിയായി. കൊവിഡ് മരണങ്ങളാകട്ടെ 5,33,334 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനവും മരണനിരക്ക് 1.18 ശതമാനവുമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതിനിടെ മഹാരാഷ്ട്രയിലെ താനെയില്‍ നവംബർ 30 മുതൽ പരിശോധിച്ച 20 സാമ്പിളുകളിൽ അഞ്ച് കേസുകളും ജെഎൻ 1 ആണെന്ന് കണ്ടെത്തി.

അതേസമയം വിമാനത്താവളങ്ങളിൽ തൽക്കാലം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടെന്നാണ് കേന്ദ്ര തീരുമാനം. വിമാനത്താവളങ്ങളിൽ പരിശോധന നിർബന്ധമാക്കില്ല. കൊവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കാനും കേന്ദ്രം  നിർദേശിച്ചു. നിലവില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. മറ്റ് അസുഖങ്ങളുള്ളവര്‍ മാസ്ക് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകളെടുക്കാനും നിര്‍ദേശമുണ്ട്. 

അതിനിടെ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ഇടങ്ങളില്‍ കര്‍ണാടക കൊവിഡ് ബോധവത്ക്കരണം തുടങ്ങി. ദക്ഷിണ കന്നഡ ജില്ലയിലെ തലപ്പാടി, സാറഡുക്ക, സ്വര്‍ഗ, സുള്ള്യപ്പദവ്, ജാല്‍സൂര്‍ എന്നിവിടങ്ങളിലാണിത്. കേരളത്തില്‍ കൊവിഡ് ഉയര്‍ന്ന സാഹചര്യത്തിലാണ് കര്‍ണാടകയുടെ നടപടി. ചെക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബോധവത്ക്കരണം മാത്രമാണ് ഈ കേന്ദ്രങ്ങളിലുള്ളത്. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരേയും നിയമിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികളില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ പരിശോധന നടത്താന്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. 

Follow Us:
Download App:
  • android
  • ios