കോർപറേഷനിൽ 14 അംഗങ്ങളുള്ള ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. ആം ആദ്മി പാര്‍ട്ടിക്ക് 13 അംഗങ്ങളും, കോൺഗ്രസിന് 7 അംഗങ്ങളുമുള്ള കോര്‍പറേഷനിൽ ശിരോമണി അകാലിദൾ പാര്‍ട്ടിയുടെ ഒരംഗവും ഉണ്ട്
ദില്ലി: ചണ്ഡിഗഡ് കോർപറേഷനിലെ മേയർ തിരഞ്ഞെടുപ്പിൽ ആം ആദ്മിയും കോൺഗ്രസും തമ്മിൽ പരസ്പരം മത്സരിക്കില്ല. മേയർ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഇന്ത്യ സഖ്യമായി മത്സരിക്കാനാണ് ധാരണയായത്. കോര്‍പറേഷനിൽ സംവരണം ചെയ്യപ്പെട്ട മേയർ സ്ഥാനത്തേക്ക് ആം ആദ്മി പാര്‍ട്ടി അംഗത്തെയും സീനിയർ ഡപ്യൂട്ടി മേയർ, ഡപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് കോൺഗ്രസ് അംഗങ്ങളെയും മത്സരിപ്പിക്കാനാണ് ഇരു പാർട്ടികളുടെയും നേതാക്കൾ തമ്മിലുണ്ടാക്കിയ ധാരണ.
ഈ മാസം 18 നാണ് കോര്‍പറേഷനിൽ മേയർ തിരഞ്ഞെടുപ്പ്. 35 അംഗ കോർപറേഷനിൽ 14 അംഗങ്ങളുള്ള ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. ആം ആദ്മി പാര്‍ട്ടിക്ക് 13 അംഗങ്ങളും, കോൺഗ്രസിന് 7 അംഗങ്ങളുമുള്ള കോര്‍പറേഷനിൽ ശിരോമണി അകാലിദൾ പാര്‍ട്ടിയുടെ ഒരംഗവും ഉണ്ട്. ലോക്സഭാ സീറ്റ് ധാരണയിൽ ഇന്ത്യ മുന്നണിയിലെ സീറ്റ് സംബന്ധിച്ച ചർച്ച തുടരവേയാണ് കോർപറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിൽ ധാരണയായത്. തെരഞ്ഞെടുപ്പ് ഫലം ഇന്ത്യ സഖ്യം തൂത്തുവാരുമെന്ന് എഎപി നേതാവ് രാഘവ് ഛദ അവകാശപ്പെട്ടു.
