പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു. ജാർഖണ്ഡിലെ രാജ്യസഭാ സ്ഥാനാർത്ഥിയെ കോൺഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിൽ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) കടുത്ത അതൃപ്തി രേഖപ്പെടുത്തി. സിപിഎമ്മിന് പിന്നാലെ ജെഎംഎമ്മും രംഗത്തെത്തിയത് സഖ്യത്തിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്.

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ ദേശീയ കൂട്ടായ്മ ഇന്ത്യ സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു. സിപില്ലെമ്മിന് പിന്നാലെ ഇപ്പോൾ ജാർഖണ്ഡ് മുക്തി മോർച്ചയും കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ജാർഖണ്ഡിൽ കോൺഗ്രസ് മുന്നണി മര്യാദ പാലിച്ചില്ലെന്നാണ് ജെഎംഎം വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ രാജ്യസഭാ സ്ഥാനാർത്ഥിയെ കോൺഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതാണ് ജെഎംഎമ്മിനെ ചൊടിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജാർഖണ്ഡിലെ രണ്ട് രാജ്യസഭാ സീറ്റുകളും തങ്ങൾക്ക് തന്നെ അവകാശപ്പെട്ടതാണെന്നാണ് ജെഎംഎം നേതൃത്വത്തിന്റെ വാദം. എന്നാൽ ഇത് മറികടന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഓഫീസ് സെക്രട്ടറിയെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. മുന്നണിയിലെ പ്രധാന കക്ഷിയായ തങ്ങളോട് ആലോചിക്കാതെയുള്ള ഈ നീക്കത്തിൽ ജെഎംഎമ്മിന് കടുത്ത പ്രതിഷേധമുണ്ട്. നാളെ നടക്കാനിരിക്കുന്ന സഖ്യത്തിന്റെ നിർണ്ണായക യോഗത്തിൽ തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിക്കാനാണ് ജെഎംഎം തീരുമാനം.

ജെഎംഎമ്മിന് മുൻപ് തന്നെ സിപിഎമ്മും കോൺഗ്രസ് നിലപാടുകൾക്കെതിരെ രംഗത്തുവന്നിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനെ രാഹുൽ ഗാന്ധി അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു സിപിഎമ്മിന്റെ പ്രതിഷേധം. ഇതിൽ പ്രതിഷേധിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി സഖ്യ നേതൃത്വത്തിന് കത്ത് നൽകുകയും ചെയ്തിരുന്നു. കേരളത്തിലെ തർക്കങ്ങൾക്ക് പിന്നാലെ ഇപ്പോൾ ജാർഖണ്ഡിലും സീറ്റ് വിഭജനത്തെ ചൊല്ലി തർക്കം രൂക്ഷമായത് ഇന്ത്യ സഖ്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്.