മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യ നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകി. വോട്ട് തട്ടിപ്പ് ആരോപണങ്ങൾ രാഷ്ട്രപതി നിഷേധിച്ചില്ലെന്നും അനുഭാവപൂർവ്വം കേട്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അടിയന്തരമായി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യ നേതാക്കൾ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് നിവേദനം നൽകി. പാർലമെന്റിൽ നിന്ന് വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ എം പിമാരെ പോലീസ് തടഞ്ഞതിന് ശേഷമാണ് പ്രമുഖ നേതാക്കൾ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി, സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, ഒമർ അബ്ദുള്ള തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളെല്ലാം പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും ചേർന്ന് 'വോട്ട് ചോരി' (വോട്ട് തട്ടിപ്പ്) നടത്താൻ ഗൂഢാലോചന നടത്തിയെന്ന ഗുരുതരമായ ആരോപണമടങ്ങിയ മെമ്മോറാണ്ടമാണ് നേതാക്കൾ രാഷ്ട്രപതിക്ക് കൈമാറിയത്.

വോട്ട് ചോരി ആരോപണം രാഷ്ട്രപതി നിഷേധിച്ചില്ല

കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച രാഹുൽ ഗാന്ധി, രാഷ്ട്രപതിയുടെ പ്രതികരണം അവിശ്വസനീയവും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു എന്ന് വ്യക്തമാക്കി. തങ്ങൾ ഉന്നയിച്ച വോട്ട് തട്ടിപ്പ് ആരോപണങ്ങളെയോ വാദങ്ങളെയോ രാഷ്ട്രപതി നിഷേധിച്ചില്ലെന്നും എല്ലാ കാര്യങ്ങളും അനുഭാവപൂർവ്വം കേട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങൾ ശ്രദ്ധയോടെ കേട്ട രാഷ്ട്രപതി കാര്യം പരിശോധിക്കാമെന്ന് ഉറപ്പുനൽകിയതായി മല്ലികാർജുൻ ഖാർഗെയും അറിയിച്ചു. രാജ്യത്ത് ഇ വി എം (EVM) പൂർണ്ണമായും ഒഴിവാക്കി ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകണമെന്നും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേർന്ന് ജനാധിപത്യത്തെ തകർക്കുകയാണെന്നും സഖ്യനേതാക്കൾ രാഷ്ട്രപതിയെ ധരിപ്പിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും റിപ്പോർട്ട് തേടണമെന്ന് ആവശ്യപ്പെട്ടതായും രാഷ്ട്രപതിയുടെ പോസിറ്റീവായ നിലപാടിനെ പ്രതീക്ഷയോടെ കാണുന്നുവെന്നും മമതാ ബാനർജിയും കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വഴിവിട്ട നടപടികൾക്കെതിരെയുള്ള പ്രതിഷേധം വരും ദിവസങ്ങളിലും ശക്തമായി തുടരാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. വരുന്ന തിങ്കളാഴ്ചയും രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നേരിട്ട് കണ്ട് പരാതി നൽകുമെന്നും, ജനാധിപത്യം സംരക്ഷിക്കാൻ സാധ്യമായ എല്ലാ വഴികളിലൂടെയും പോരാട്ടം തുടരുമെന്നും ഒരു വഴിയും ഉപേക്ഷിക്കില്ലെന്നും രാഹുൽ ഗാന്ധി ഉറപ്പിച്ചു പറഞ്ഞു. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കൾ മടങ്ങിയെങ്കിലും വരും ദിവസങ്ങളിൽ വിഷയം ദേശീയതലത്തിൽ കൂടുതൽ ശക്തമായ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് വഴിതുറക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അതേസമയം നാളെ തുടങ്ങുന്ന സി ജെ പി സമരത്തിന് ഇടത് പാർട്ടികളും തൃണമൂൽ കോൺ​ഗ്രസും പിന്തുണ നൽകും. കോൺ​ഗ്രസ് സി ജെ പി പ്രതിഷേധത്തോട് മുഖം തിരിച്ചിരിക്കുകയാണ്.