Asianet News MalayalamAsianet News Malayalam

അഫ്ഗാൻ വിഷയത്തിൽ സഹകരിച്ചു നീങ്ങാൻ ഇന്ത്യ- റഷ്യ ധാരണ; ഹഖ്ഖാനി നെറ്റ് വർക്കിന്റെ സാന്നിധ്യത്തിൽ ആശങ്ക

ഭീകരസംഘടനയായ ഹഖ്ഖാനി നെറ്റ്വർക്ക് താലിബാൻ സർക്കാരിൽ ഇടംപിടിച്ചതിലുള്ള അതൃപ്തി ഇന്ത്യ റഷ്യയെയും അമേരിക്കയെയും അറിയിച്ചു. നാളെ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി അഫ്ഗാനിലെ സാഹചര്യത്തെക്കുറിച്ച് പ്രതികരിച്ചേക്കും.

india and russia agree to co operate on afghanistan issue
Author
Delhi, First Published Sep 8, 2021, 6:01 PM IST

ദില്ലി: അഫ്ഗാൻ വിഷയത്തിൽ രാജ്യാന്തര വേദികളിൽ സഹകരിച്ചു നീങ്ങാൻ ഇന്ത്യയും റഷ്യയും തീരുമാനിച്ചു.  ഭീകരസംഘടനയായ ഹഖ്ഖാനി നെറ്റ്വർക്ക് താലിബാൻ സർക്കാരിൽ ഇടംപിടിച്ചതിലുള്ള അതൃപ്തി ഇന്ത്യ റഷ്യയെയും അമേരിക്കയെയും അറിയിച്ചു. നാളെ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി അഫ്ഗാനിലെ സാഹചര്യത്തെക്കുറിച്ച് പ്രതികരിച്ചേക്കും.

 അഫ്ഗാനിസ്ഥാനിൽ പുതിയ സർക്കാരിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ദില്ലിയിൽ അതൃപ്തി പുകയുന്നതിനിടെയാണ് ഇന്ത്യയും റഷ്യയും തമ്മിൽ  ധാരണയിലെത്തിയിരിക്കുന്നത്. ദില്ലിയിലെത്തിയ റഷ്യൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് നിക്കോളെ പെട്രൂഷെവ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തി. നേരത്തെ ഐക്യരാഷ്ട്ര രക്ഷ സമിതിയിൽ ഇന്ത്യയും റഷ്യയും താലിബാനെക്കുറിച്ച് വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. താലിബാനുമായി ചേർന്നു നില്ക്കുന്ന നിലപാടാണ് റഷ്യയ്ക്കുള്ളത്. ഇക്കാര്യത്തിലുള്ള ഭിന്നത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസിഡൻറ് വിളാഡിമിർ പുട്ടിൻറെയും തലത്തിൽ തീർക്കാനാണ് ധാരണ. 

സിഐഎ മേധാവി വില്ല്യം ജെ ബേർണ്സും ദില്ലിയിൽ അഫ്ഗാൻ വിഷയത്തിൽ ചർച്ചകൾ നടത്തി. താലിബാൻ സർക്കാരിൽ ആഭ്യന്തര ചുമതല ഹഖ്ഖാനി നെറ്റ് വർക്കിലെ സിറാജുദ്ദീൻ ഹഖ്ഖാനിക്കാണ്. രണ്ടായിരത്തി എട്ടിൽ കാബൂളിലെ ഇന്ത്യൻ എംബസി ആക്രമിച്ചതിന് പിന്നിൽ ഹഖ്ഖാനി നെറ്റ്വർക്കാണെന്ന് വ്യക്തമായിരുന്നു. അഫ്ഗാനിസ്ഥാൻ മണ്ണ് ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കില്ല എന്നതിൽ എന്തുറപ്പെന്ന ചോദ്യമാണ് ഇന്ത്യ ചർച്ചകളിൽ ഉന്നയിച്ചത്. നാളെ ചേരുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മേഖലയിൽ ഭീകരസംഘടനകൾ ശക്തിപ്പെടുന്നതിലുളള ഇന്ത്യയുടെ ആശങ്ക പ്രകടിപ്പിച്ചേക്കും.  

അഫ്ഗാനൻ സർക്കാരിനെക്കുറിച്ച് ഔഗ്യോഗിക നിലപാടു പറയാതെ ഇന്ത്യ മൗനം പാലിക്കുകയാണ്. താലിബാനെ തള്ളിപറഞ്ഞില്ലെങ്കിലും ഭീകരസംഘടന നേതാക്കളുടെ സാന്നിധ്യം കണ്ടില്ലെന്ന് നടിക്കരുത് എന്ന അഭിപ്രായം ബിജെപിയിലും ശക്തമാകുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios