ദില്ലി: പാകിസ്ഥാന്‍റെ പിടിയിലായ ഇന്ത്യൻ വിങ് കമാന്‍ഡര്‍ അഭിനന്ദൻ വർധമാനെ വിട്ടയക്കണമെന്ന ആവശ്യവുമായി ഇന്ത്യ. നയതന്ത്ര ഇടപെടൽ ഉണ്ടായാൽ പിടിയിലായ സൈനികനെ ഒരാഴ്ചയ്ക്കം വിട്ടയക്കണമെന്നാണ് ജനീവ കരാര്‍ നിര്‍ദേശം. വ്യോമസേനയുടെ പ്രത്യേക പരിശീലനം നേടിയ സുര്യ കിരണ്‍ അംഗമായ വിങ്ങ് കമന്‍ഡ‍ര്‍ അഭിനന്ദന്‍ വര്‍ധമാനെ കരാര്‍ പാലിച്ച് വിട്ടയ്ക്കണമെന്നാണ് ഇന്ത്യ, പാകിസ്ഥാനോട് ആവശ്യപ്പെടുന്നത്. 

1949 ലെ ജനീവ കരാർ പ്രകാരം യുദ്ധത്തിലോ പട്ടാള നടപടികൾക്കിടയിലോ കസ്റ്റഡിയിലാകുന്ന സൈനിക‌‌‌‌ർ യുദ്ധ തടവുകാരനാണ്. റാങ്ക് അനുസരിച്ചുള്ള പരിഗണന നൽകി വേണം കസ്റ്റഡിയിൽ വയ്ക്കാൻ. കുടുംബാംഗങ്ങളുമായി സംസാരിക്കാനുളള അവസരം, ഭക്ഷണം ചികിൽസാ സൗകര്യങ്ങള്‍ എന്നിവ നല്‍കണം. യാതൊരു തരത്തിലുളള പരിക്കും ഏൽപിക്കരുത്. പാക് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടു കിട്ടാൻ ജനീവ കരാറാണ് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നത്.

1971 ൽ ബംഗ്ലാദേശ് -യുദ്ധകാലത്ത് തടവിലായ പാക് സൈനികരെ വിട്ടയച്ച് ഇന്ത്യ മാതൃക കാട്ടി. കാർഗിൽ ഓപ്പറേഷനിടയിൽ കസ്റ്റഡിയിലെടുത്ത വൈമാനികൻ കെ നാച്ചികേതയെ പാകിസ്ഥാൻ എട്ടു ദിവത്തിനകം വിട്ടയച്ചു. 2008 ലെ ഇന്ത്യ - പാക്ക് കരാര്‍ അനുസരിച്ചും അഭിനന്ദനെതിരെ പാക് സിവിൽ - പട്ടാള കോടതികൾക്ക് കേസ് നടത്താനോ ശിക്ഷിക്കാനോ കഴിയില്ല. 

മുൻ വ്യോമസേന ഉദ്യോഗസ്ഥനാണ് അഭിനന്ദന്‍റെ പിതാവ്. ഭാര്യയും വ്യോമസേനയിൽ പൈലറ്റായിസേവനമനുഷ്ഠിച്ചിട്ടുണ്ട്. അഭിന്ദിന്റെ കുടുംബം ചെന്നൈയിൽ സ്ഥിര താമസിക്കിയതാണ്. അഭിനന്ദനെ വിട്ടുകിട്ടണമെന്നാണ് കുടുംബം ഒന്നാകെ ആവശ്യപ്പെടുന്നത്. ഇതിനായി നയതന്ത്ര തലത്തില്‍ ശക്തം നീക്കമാക്കിയിരിക്കുകയാണ് ഇന്ത്യ. 

ഇന്നലെ രാവിലെ വ്യോമാതിര്‍ത്തി കടന്നു വന്ന പാക് പോര്‍വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം അതിര്‍ത്തിയില്‍ തകര്‍ന്നു വീണത്. അപകടത്തില്‍ നിന്ന് പൈലറ്റ് അഭിനന്ദന്‍ രക്ഷപ്പെട്ടെങ്കിലും അദ്ദേഹവും വിമാനവും ചെന്നു പതിച്ചത് പാക് അധീന കശ്മീരിലായിരുന്നു. 

ജനീവ ഉടമ്പടി ഇങ്ങനെ

1949ലെ ജനീവ കണ്‍വന്‍ഷനിലാണ് പ്രിസണേഴ്സ് ഓഫ് വാര്‍ (യുദ്ധ തടവുകാര്‍ അല്ലെങ്കിൽ സൈനിക തടവുകാർ) സംബന്ധിച്ച അന്താരാഷ്ട്ര തലത്തില്‍ പാലിക്കേണ്ടി നിയമങ്ങള്‍ ധാരണയാകുന്നത്. യുദ്ധ തടവുകാരുടെ അവകാശങ്ങള്‍, അവരോട് എങ്ങനെയാണ് പെരുമാറേണ്ടത്, അവരെ വിട്ടയ്ക്കുന്നത് സംബന്ധിച്ച് എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം ജനീവ കണ്‍വന്‍ഷന്‍ പ്രകാരം ധാരണ നിലവിലുണ്ട്.

രണ്ട് രാജ്യങ്ങള്‍ തമ്മില്‍ പ്രശ്നത്തിലായിരിക്കുമ്പോള്‍ എതിരാളിയുടെ കെെയില്‍ അകപ്പെടുന്നവരെയാണ് യുദ്ധ തടവുകാരെന്ന് പറയുന്നതെന്ന് ഇന്‍റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ്ക്രോസ് വിശദീകരിക്കുന്നു. രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ യുദ്ധ തടവുകാര്‍ക്ക് ഉറപ്പാക്കുന്നതാണ് ജനീവ ഉടമ്പടി.

Read More: അഭിനന്ദനോട് പാക്കിസ്ഥാന്‍ എങ്ങനെ പെരുമാറണം? ജനീവ ഉടമ്പടി ഇങ്ങനെ

ജനീവ ഉടമ്പടി പ്രകാരം ഇപ്പോള്‍ പാകിസ്ഥാന്‍റെ കസ്റ്റഡിയിലുള്ള അഭിനന്ദന്‍ അപായരഹിതനാണെന്ന് ഉറപ്പാക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. മനുഷ്യത്വം ഉറപ്പാക്കി വേണം യുദ്ധതടവുകാരോട് പെരുമാറേണ്ടതെന്ന് ജനീവ ഉടമ്പടി നിഷ്കര്‍ഷിക്കുന്നു. ബലപ്രയോഗം നടത്തുക, ക്രൂരമായി ഉപദ്രവിക്കുക, അപമാനിക്കുക, ഭയപ്പെടുത്തുക എന്നിങ്ങനെയൊന്നും അവരോട് ചെയ്യാന്‍ പാടില്ല.

താമസം, ഭക്ഷണം, വസ്ത്രം, ശുചിത്വം, വെെദ്യസഹായം എന്നിവ ഉറപ്പാക്കുകയും വേണം. യുദ്ധം നടക്കുകയാണെങ്കില്‍ അത് അവസാനിച്ച ശേഷം ഒട്ടും വെെകാതെ വിട്ടയ്ക്കണണെന്നും ജനീവ ഉടമ്പടിയില്‍ വ്യക്തമാക്കുന്നു. 1999ലെ കാര്‍ഗില്‍ യുദ്ധത്തിന്‍റെ സമയത്ത് പാകിസ്ഥാന്‍ സെെന്യത്തിന്‍റെ കെെയില്‍ അകപ്പെട്ട കെ നചികേതയെ ഒരാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യക്ക് കെെമാറിയത്.

Read More: അന്ന് ഒരു ഇന്ത്യന്‍ പൈലറ്റ് കസ്റ്റ‍ഡിയിലായപ്പോള്‍ പാകിസ്ഥാന്‍ ചെയ്തത്