മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ മോക്ക് ഇംപീച്ച്മെൻ്റ് നടത്താനുള്ള ഇന്ത്യ സഖ്യ തീരുമാനത്തിൽ സ്ഥിതി വിലയിരുത്തി ദില്ലി പൊലീസ്. ഈ മാസം 30നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായുള്ള മോക്ക് ഇംപീച്ച്മെന്റ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടത്താനുള്ള ഇന്ത്യ സഖ്യ തീരുമാനത്തിൽ സ്ഥിതി വിലയിരുത്തി ദില്ലി പൊലീസ്. വീടിന് അകത്ത് നടക്കുന്ന പരിപാടിക്ക് പൊലീസ് അനുമതി തേടേണ്ടതില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. മോക്ക് ഇംപീച്ച്മെൻ്റിന് ശേഷം എംപിമാർ പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്താനുള്ള സാധ്യത തടയാൻ പൊലീസ് നടപടി സ്വീകരിക്കും.

ഈ മാസം 30നാണ് ഖാർഗെയുടെ മോക്ക് ഇംപീച്ച്മെന്റ് നടത്തുക. പരിപാടിയിലേക്ക് ഇന്ത്യ സഖ്യ നേതാക്കളെ കോൺഗ്രസ് ക്ഷണിച്ചിട്ടുണ്ട്.നേരത്തെ അശോക ഹോട്ടലിൽ മോക്ക് ഇംപീച്ച്മെന്റ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ഖാർഗെയുടെ വസതിയിലേക്ക് പരിപാടി മാറ്റിയത്. 31ന് ഇന്ത്യ സഖ്യ യോഗം ചേരാനും നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. തുടർന്ന്, നവംബർ ഒന്നിന് രാംലീല മൈതാനിയിൽ ഇന്ത്യ സഖ്യ നേതാക്കളുടെ റാലി നടക്കും.

അതിനിടെ, എസ്ഐആറുമായി ബന്ധപ്പെട്ട ഇന്ത്യ സഖ്യത്തിൻ്റെ ആരോപണങ്ങളെ ചെറുക്കാൻ ബിജെപി നടത്തുന്ന രാജ്യവ്യാപക ക്യാംപെയ്ന് ഇന്ന് തുടക്കമാകും. വൈകിട്ട് നാലുമണിക്ക് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ദില്ലിയിൽ പദയാത്ര നടത്തും. ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയും പദയാത്രയിൽ ഒരുമാസം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. വ്യാഴാഴ്ച ഹിമാചൽ പ്രദശിലും പദയാത്ര നിശ്ചയിച്ചിട്ടുണ്ട്. നവംബർ ഒന്നിന് ഉത്തർ പ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിൽ പദയാത്ര നടക്കും. രണ്ടാം തീയതി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഹൈദരാബാദിൽ പദയാത്ര നടക്കും.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ദില്ലി എസ്ഐആർ: വോട്ടർമാരുടെ തണുപ്പൻ പ്രതികരണം

ദില്ലി എസ്ഐആറിൻ്റെ പ്രത്യേക ക്യാമ്പുകളിൽ വോട്ടർമാരുടെ തണുപ്പൻ പ്രതികരണം. ഒരുലക്ഷം പ്രത്യേക ക്യാമ്പുകളിൽ നിന്ന് കിട്ടിയത് ആകെ 27,500 അപേക്ഷകൾ മാത്രം. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്കായാണ് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചത്. ദില്ലിയിൽ 45 ലക്ഷം വോട്ടർമാർ കുറഞ്ഞ സാഹചര്യത്തിലാണ് പ്രത്യേക ക്യാമ്പുകൾ നടത്തിയത്. എസ്ഐആറിന് ശേഷം ദില്ലിയിലെ വോട്ടർമാരുടെ എണ്ണം 1.45 കോടിയിൽ നിന്ന് 97 ലക്ഷമായി കുറഞ്ഞിരുന്നു.