തെരഞ്ഞെടുപ്പ് കമ്മീഷനെ ആശങ്കയറിയിച്ചെങ്കിലും നടപടി തുടരുമെന്ന മറുപടിയാണ് കിട്ടിയതെന്നും ഇന്ത്യ സഖ്യം നേതാക്കൾ വ്യക്തമാക്കി
ദില്ലി: ബിഹാറിലെ വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ വിവാദം കത്തുന്നു. തിരിച്ചറിയലിനായി ജനന സർട്ടിഫിക്കേറ്റ് മാത്രം ആധാരമാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയാണ് വിവാദത്തിന് കാരണമായത്. ഈ നീക്കം അപ്രായോഗികമാണെന്ന് ഇന്ത്യ സഖ്യം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടർ പട്ടിക പരിഷ്കരണ നടപടിയിലൂടെ 3 കോടി പേർക്കെങ്കിലും വോട്ടവകാശം നഷ്ടപ്പെടുമെന്നും പ്രതിപക്ഷ പാർട്ടികൾ വിവരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ സഖ്യം. തെരഞ്ഞെടുപ്പ് കമ്മീഷനെ ആശങ്കയറിയിച്ചെങ്കിലും നടപടി തുടരുമെന്ന മറുപടിയാണ് കിട്ടിയതെന്നും ഇന്ത്യ സഖ്യം നേതാക്കൾ വ്യക്തമാക്കി.
വിശദ വിവരങ്ങൾ
ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കഴിഞ്ഞ മാസം പുറത്തിറക്കിയ ഉത്തരവിലൂടെയാണ് ബീഹാറിലെ വോട്ടര്‍പട്ടികയില്‍ സമഗ്ര പരിഷ്ക്കരണത്തിന് കമ്മീഷന്‍ തുടക്കമിട്ടത്. സ്പെഷ്യല്‍ ഇന്‍റന്‍സീവ് റിവിഷന്‍ എന്ന പേരില്‍ 2003 ല്‍ ഭേദഗതി വരുത്തിയ പട്ടികയാണ് പരിഷ്ക്കരിക്കുന്നത്. പട്ടികയിലുള്ള 1987 ന് മുന്‍പ് ജനിച്ചവര്‍ ജനന സര്‍ട്ടിഫിക്കേറ്റാണ് ഔദ്യോഗിക രേഖയായി നല്‍കേണ്ടത്. ശേഷം ജനിച്ചവര്‍ ജനന സര്‍ട്ടിഫിക്കേറ്റിന് പുറമെ രക്ഷിതാക്കളുടെ ജനന സര്‍ട്ടിഫിക്കേറ്റും, അവര്‍ ഇന്ത്യക്ക് പുറത്ത് നിന്നുള്ളവരാണെങ്കില്‍ പാസ്പോര്‍ട്ടോ വീസയുടെയോ പകര്‍പ്പ് കൂടി ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ബിഹാറിലെ സാമൂഹിക സാഹചര്യത്തില്‍ താഴേക്കിടയിലുള്ളവര്‍ക്ക് ഈ രേഖകളില്‍ പലതും അപ്രാപ്യമാണെന്നും, 8 കോടി വോട്ടര്‍മാരില്‍ മൂന്ന് കോടി പേരെങ്കിലും വോട്ടര്‍ പട്ടികക്ക് പുറത്ത് പോകാനാണ് സാധ്യതയെന്നും ഇന്ത്യ സഖ്യം ചൂണ്ടിക്കാട്ടി. ആശങ്കയറിയിച്ച് പത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നലെ കമ്മീഷനെ കണ്ടെങ്കിലും അനുകൂല പ്രതികരണമില്ലാത്തതിനാലാണ് കോടതിയെ സമീപിക്കാനുള്ള നീക്കം.
വോട്ടര്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡോ ആണ് മുന്‍പ് നിശ്ചയിച്ചിരുന്ന ആധികാരിക രേഖ. അതൊന്നും പരിഗണിക്കാതെ ജനന സര്‍ട്ടിഫിക്കേറ്റ് ആവശ്യപ്പെടുന്നതിന് പിന്നില്‍ പൗരത്വ രജിസ്ട്രി തയ്യാറാക്കാനുള്ള പിന്‍വാതില്‍ നടപടിയെന്നാണ് വിമര്‍ശനം. ബിഹാറിന് പിന്നാലെ കേരളമടക്കം അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകാതെ കടക്കും. അതേസമയം മഹാരാഷ്ട്രയിലെ വോട്ടര്‍പട്ടികക്കെതിരെ പ്രതിപക്ഷം പരാതി ഉയര്‍ത്തിയ സാഹചര്യത്തില്‍ ആക്ഷേപ രഹിതമായി ബിഹാറില്‍ പട്ടിക പുറത്തിറക്കാനാണ് തീരുമാനമെനന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരിച്ചു
അതേസമയം തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയിൽ വലിയ വർദ്ധനവ് മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പുതുക്കിയ പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഇനി പ്രതിമാസം 400 രൂപയ്ക്ക് പകരം 1100 രൂപ ലഭിക്കും. വർദ്ധിപ്പിച്ച പെൻഷൻ തുക ജൂലൈ മാസം മുതൽ വിതരണം ചെയ്യുമെന്ന് നിതീഷ് കുമാർ എക്സിൽ കുറിച്ചിരുന്നു. ഈ തീരുമാനം സംസ്ഥാനത്തുടനീളമുള്ള ഒരു കോടിയലധികം ഗുണഭോക്താക്കൾക്ക് ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.


