സിംഗിൾ പേരന്‍റായ തനിക്ക് കുട്ടിയെ നോക്കാന്‍ മറ്റാരുമില്ലെന്നും അതിനാല്‍ നിഷേധിക്കപ്പെട്ട ലീവ് അനുവദിക്കണമെന്ന ആവശ്യവുമായാണ് ജില്ലാ വനിതാ ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചത്.
ജോലി ചെയ്യുന്ന സ്ഥാപനം ഏതാണെങ്കിലും മാതൃത്വ അവധിക്കുള്ള അവകാശം അമ്മമാർക്കുണ്ട്. പൊതുവിൽ എല്ലാ സ്ഥാപനങ്ങളും മൂന്ന് മാസം മുതൽ ആറ് മാസ കാലം വരെ ഇത്തരത്തിൽ അവധി അനുവദിച്ചു നൽകാറുമുണ്ട്. എന്നാൽ, തനിക്ക് മാതൃത്വ അവധി നിഷേധിച്ചുവെന്ന് ആരോപിച്ച് കൊണ്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ഒരു അഡീഷണൽ ജില്ലാ ജഡ്ജി.
ഝാര്‍ഖണ്ഡില്‍ നിന്നുള്ള അഡീഷണല്‍ ജില്ലാ വനിതാ ജഡ്ജിയാണ് ശിശു പരിപാലനത്തിനുള്ള തന്‍റെ അവകാശം നിഷേധിച്ചുവെന്ന് ആരോപിച്ച് കൊണ്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. വനിതാ അഡീഷണൽ ജില്ലാ ജഡ്ജി (എഡിജെ) കാശിക എം പ്രസാദ് ആണ് പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിശോധിച്ചത്. കാശിക പ്രസാദിനെ ഹസാരിബാഗിൽ നിയമിക്കുകയും അടുത്തിടെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. സ്ഥലം മാറ്റത്തെ തുടർന്നാണ് ഇവർ അവധിക്ക് അപേക്ഷിച്ചത്.
ജൂണ്‍ 10 മുതല്‍ ഡിസംബര്‍ വരെയുള്ള അവധിക്കായി നല്‍കിയ അപേക്ഷ അനുവദിച്ചില്ലെന്നാണ് വനിതാ ജഡ്ജി സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്ന പരാതിയിൽ പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ടാണ് അവധി നിഷേധിച്ചത് എന്നതിന് വ്യക്തമായ കാരണം പറഞ്ഞിട്ടില്ലെന്നും അവർ കോടതിയിൽ വ്യക്തമാക്കി. ഒരു സിംഗിൾ പേരന്‍റ് കൂടിയായ തനിക്ക് കുഞ്ഞിനെ നോക്കാൻ മറ്റാരുമില്ലാത്തതിനാൽ അവധി അനുവദിച്ച് നൽകണമെന്നാണ് കാശിക പ്രസാദിന്‍റെ ആവശ്യം
വ്യാഴാഴ്ച വനിതാ ജഡ്ജിയുടെ ഹർജി പരിഗണിച്ച സുപ്രീംകോടതി വിഷയത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ ജാർഖണ്ഡ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ജുഡീഷ്യൽ ഓഫീസറും സിംഗിൾ പാരന്‍റുമായ ഹർജിക്കാരി ആവശ്യപ്പെട്ട ആറ് മാസത്തെ അവധിയാണ് സാധുവായ കാരണങ്ങൾ ഒന്നുമില്ലാതെ നിഷേധിച്ചതെന്ന് ഹർജിക്കാരിയുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ചൈൽഡ് കെയർ നിയമങ്ങൾ അനുസരിച്ച്, ഹർജിക്കാരിക്ക് 730 ദിവസത്തെ അവധിക്ക് അർഹതയുണ്ട്.


