ബീഹാറിലെ സാമൂഹിക സുരക്ഷാ പെൻഷൻ 400 രൂപയിൽ നിന്ന് 1100 രൂപയായി ഉയർത്തി. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, വിധവകൾ എന്നിവർക്ക് ജൂലൈ മുതൽ വർധിച്ച തുക ലഭിക്കും.
പാറ്റ്‌ന: സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയിൽ വലിയ വർദ്ധനവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. പുതുക്കിയ പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഇനി പ്രതിമാസം 400 രൂപയ്ക്ക് പകരം 1100 രൂപ ലഭിക്കും. വർദ്ധിപ്പിച്ച പെൻഷൻ തുക ജൂലൈ മാസം മുതൽ വിതരണം ചെയ്യുമെന്ന് നിതീഷ് കുമാർ എക്സിൽ കുറിച്ചു. ഈ തീരുമാനം സംസ്ഥാനത്തുടനീളമുള്ള ഒരു കോടിയലധികം ഗുണഭോക്താക്കൾക്ക് ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
"സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതി പ്രകാരം വിധവകൾക്കും, വയോജനങ്ങൾക്കും, ഭിന്നശേഷിക്കാർക്കും ഇനി പ്രതിമാസം 400 രൂപയ്ക്ക് പകരം 1100 രൂപ പെൻഷൻ ലഭിക്കുമെന്ന വിവരം നിങ്ങളെ അറിയിക്കുന്നതിൽ സന്തോഷമുണ്ട്. ജൂലൈ മാസം മുതൽ എല്ലാ ഗുണഭോക്താക്കൾക്കും വർദ്ധിച്ച നിരക്കിൽ പെൻഷൻ ലഭിക്കും. എല്ലാ ഗുണഭോക്താക്കളുടെയും അക്കൗണ്ടുകളിലേക്ക് എല്ലാ മാസവും 10-ാം തീയതി ഈ തുക അയക്കുന്നത് ഉറപ്പാക്കും" നിതീഷ് കുമാർ എക്സിലെ പോസ്റ്റിൽ പറഞ്ഞു.
പരിഷ്കരിച്ച പെൻഷൻ എല്ലാ മാസവും പത്താം തീയതി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ബീഹാറിന്‍റെ സാമൂഹിക ക്ഷേമ പദ്ധതിയുടെ കീഴിൽ വയോജനങ്ങൾ, ഭിന്നശേഷിക്കാർ, വിധവകൾ, മറ്റ് അർഹരായ വ്യക്തികൾ എന്നിവരെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിധവകൾക്കും, വയോജനങ്ങൾക്കും, ഭിന്നശേഷിക്കാർക്കും മുഖ്യമന്ത്രി പെൻഷൻ വർദ്ധിപ്പിച്ചത് ചരിത്രപരമായ ദിനമാണ്. ഇതിന് ഞാൻ മുഖ്യമന്ത്രിക്ക് നന്ദി പറയുന്നുവെന്ന് ബീഹാർ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി പറഞ്ഞു. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിന് മുമ്പാണ് ഇപ്പോൾ പെൻഷൻ തുക ഉയർത്തിയിട്ടുള്ളത്.


