വിംഗ് കമാൻഡ‌ർ‌ അഭിനന്ദൻ വ‌‌‌‌ർത്തമാന്‍റെ കൈമാറ്റം വൈകിട്ടത്തേക്ക് മാറ്റിയതിനെ തുട‌‌ർന്നാണ് ബീറ്റിംഗ് റിട്രീറ്റ്  റദ്ദാക്കിയത്.

വാഗ : വാഗ അതിർത്തിയിലെ ഇന്നത്തെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് റദ്ദാക്കി. വിംഗ് കമാൻഡർ അഭിനന്ദൻ വ‌‌ർത്തമാന്‍റെ കൈമാറ്റം വൈകിട്ടത്തേക്ക് മാറ്റിയതോടെയാണ് ചടങ്ങ് റദ്ദാക്കാനുള്ള തീരുമാനം ഇന്ത്യ എടുത്തത്. 

ലാഹോറിലെത്തിച്ച അഭിനന്ദനെ വൈകുന്നേരത്തോടെ വാഗാ അതിര്‍ത്തിയിലെത്തുമെന്നാണ് കരുതുന്നത്. മൂന്ന് ദിവസം പാക് കസ്റ്റഡിയിൽ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തുന്നത്. ആദ്യം ഉച്ചയോടെയായിരിക്കും കൈമാറ്റം നടത്തുകയെന്ന് അറിയിച്ച പാകിസ്ഥാൻ പിന്നീട് ഇത് വൈകിപ്പിക്കുകയായിരുന്നു. 

റെഡ് ക്രോസ് ആയിരിക്കും അഭിനന്ദനെ സ്വീകരിക്കുക എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അതിന് വിരുദ്ധമായി പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിക്ക് നേരിട്ടായിരിക്കും പാക് സൈന്യം അഭിനന്ദനെ കൈമാറുക എന്നാണ് അറിയുന്നത്. അതിന് ശേഷം വാഗാ അതിര്‍ത്തിയിലെത്തിച്ച ശേഷം വ്യോമ സേനയുടെ ഗ്രൂപ്പ് കമാന്‍റന്‍റ് ജെഡി കുരിയൻ ഇന്ത്യയിലേക്ക് സ്വീകരിക്കും.

ഇന്ത്യയിലെത്തുന്ന അഭിനന്ദനെ മെഡിക്കൽ ചെക്കപ്പിന് വിധേയനാക്കിയ ശേഷം ഡി ബ്രീഫിംഗ് നടക്കും. ഇതിന് ശേഷം മാത്രമായിരിക്കും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുക.