യഥാർത്ഥ നിയന്ത്രണരേഖ എന്ന പേരിൽ അവ്യക്തമായി കിടക്കുന്ന അതിർത്തി ചൈനീസ് പട്ടാളം മനപൂർവ്വം കടന്നതാണ് ഇത്തവണത്തെ സംഘർഷത്തിന് കാരണം. 

ദില്ലി: അതിർത്തി തർക്കം പരിഹരിക്കാൻ നാളെ നടക്കുന്ന ചർച്ചയിൽ ചൈനയുടെ ഏകപക്ഷീയ നിലപാട് അംഗീകരിക്കേണ്ടതിലെന്ന് കേന്ദ്ര സർക്കാർ തീരുമാനം. സൈനിക സാന്നിധ്യം കുറയ്ക്കുന്നതുൾപ്പടെയുള്ള നടപടികൾക്ക് ചൈന തയ്യാറായാലേ ചർച്ച വിജയിക്കൂ എന്ന് ഇന്ത്യ വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ കൃത്യമായ നിയന്ത്രണരേഖയും അതിർത്തിയും ഉള്ളതു പോല ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ ഇത്തരമൊരു വ്യക്തമായ അതിർത്തി രേഖയില്ല. യഥാർത്ഥ നിയന്ത്രണരേഖ എന്ന പേരിൽ അവ്യക്തമായി കിടക്കുന്ന അതിർത്തി ചൈനീസ് പട്ടാളം മനപൂർവ്വം കടന്നതാണ് ഇത്തവണത്തെ സംഘർഷത്തിന് കാരണം. 

ചൈനീസ് പ്രദേശത്താകും നാളത്തെ ഇന്ത്യ ചൈന ചർച്ച. ഇതിനുള്ള മുന്നൊരുക്കം ഇരു സൈന്യങ്ങളും തുടങ്ങി. വടക്കുകിഴക്കൻ മേഖലയിലെ ദോക്ക്ലാമിൽ ഒത്തുതീർപ്പുണ്ടാക്കിയ ശേഷം ചൈന ഏകപക്ഷീയമായി നി‍ർമ്മാണപ്രവർത്തനം അതിർത്തിയിൽ നിന്ന് ഏറെ അകലെയല്ലാതെ തുടർന്നിരുന്നു. സമാനസ്ഥിതിയിലേക്ക് നയിക്കുന്ന വിട്ടുവീഴ്ച വേണ്ടെന്നാണ് ഇപ്പോൾ ഇന്ത്യയുടെ തീരുമാനം. 

രണ്ടു രാജ്യങ്ങളും ഒരു പോലെ പിൻമാറാൻ തയ്യാറായാലേ പ്രശ്നം തീരൂ. ചൈനയുമായുള്ള തർക്കം തുടരുമ്പോൾ ഇന്ത്യ അന്താരാഷ്ട്ര സംഘടനകളുടെ പൊളിച്ചെഴുത്ത് വീണ്ടും ആവശ്യപ്പെടുന്നുണ്ട്. ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിലേക്ക് മത്സരിക്കുന്നതിൻ്റെ ഭാഗമായുള്ള നിർദ്ദേശത്തിലാണ് അന്താരാഷ്ട്രസംഘടനകളിലെ ചൈനീസ് മേധാവിത്വത്തിന് എതിരെയുള്ള ഈ മുന്നറിയിപ്പ്. തർക്കപരിഹാര ചർച്ചകൾ നടക്കാനിരിക്കെ ചൈനീസ് അതിർത്തിയിലെ സാഹചര്യം അമേരിക്കയുമായി സംസാരിച്ചു എന്ന് ഇന്ത്യ പരസ്യമായി വ്യക്തമാക്കിയതും പുതിയ നീക്കമായി വിലയിരുത്തപ്പെടുന്നു.