Asianet News MalayalamAsianet News Malayalam

തർക്കം പരിഹരിക്കാൻ ഇന്ത്യ- ചൈന ധാരണ: ചൈനീസ് അതിർത്തിയിൽ ഇന്ത്യൻ യുദ്ധവിമാനവും വൻ സൈനിക സാന്നിധ്യവും

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം അതിർത്തിക്കടുത്ത് പറന്നുവെന്നും ലഡാക്കിലെ ചൈനീസ് അതിർത്തിയിലേക്കുള്ള പാതകളിൽ ഇന്ത്യൻ സൈന്യത്തിൻ്റെ ട്രക്കുകളുടെ നീണ്ട നിര കണ്ടുവെന്നും എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു.

India china border issue
Author
Ladakh, First Published Jun 24, 2020, 7:30 PM IST

ദില്ലി: അതിർത്തിയിലെ സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കാനും നിയന്ത്രണരേഖ മറികടക്കാതെ സൂക്ഷിക്കാനും ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ ധാരണ. ഇന്നു നയതന്ത്ര തലത്തിൽ നടത്തിയ ചർച്ചയിലാണ് അതിർത്തിയിൽ സമാധാനം പുനസ്ഥാപിക്കാൻ ധാരണയായത്. അതേസമയം ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ പലതവണ ചുറ്റിപ്പറന്നതായും കരസേന അതിർത്തി മേഖലയിൽ വൻ സൈനികവിന്യാസം നടത്തിയതായും വാർത്ത ഏജൻസിയായ എഎഫ്പി. റിപ്പോർട്ട് ചെയ്തു. 

ഇന്നലെ ഇന്ത്യയുടേയും ചൈനയുടേയും സേനാ കമാൻഡർമാർ നടത്തിയ ചർച്ചയിൽ നിയന്ത്രണരേഖയിൽ നിന്നും ഇരുവിഭാഗവും പിൻമാറാനും മുൻസ്ഥിതി പുനസ്ഥാപിക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായിരുന്നു. സൈനികതല ചർച്ചയിലെ തീരുമാനങ്ങൾ നടപ്പാക്കാനാണ് ഇന്ന് നടന്ന നയതന്ത്രതല ചർച്ചയിലും ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായത്. 

ഗൽവാനിലെ സംഭവങ്ങളിൽ ഇന്ത്യ ചൈനയെ ആശങ്ക അറിയിച്ചതായാണ് വിവരം. നിയന്ത്രണരേഖ കടക്കില്ലെന്ന് ഉറപ്പാക്കണമെന്നും ചൈനയോട് ഇന്ത്യ ചർച്ചയിൽ ആവശ്യപ്പെട്ടു. അതേ സമയം ജോയിൻ്റ് സെക്രട്ടറിമാരുടെ തലത്തിൽ നയതന്ത്ര ചർച്ച തുടരുമ്പോൾ തന്നെ പ്രകോപനപരമായ പ്രസ്താവനയുമായി ചൈന രംഗത്തു വന്നു. ഗൽവാൻ താഴ്വരയിലാകെ ചൈനയ്ക്ക് പരമാധികാരമുണ്ടെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അവകാശപ്പെട്ടത്. അതിർത്തിയിൽ സമാധാനം നിലനിറുത്താനുള്ള ബാധ്യത ഇന്ത്യയ്ക്കാണെന്നും പ്രസ്താവനയിൽ ചൈന പറയുന്നു

കിഴക്കൻ ലഡാക്കിലെ സംഘർഷമേഖലകളിൽ നിന്ന് പരസ്പരം പിൻമാറാൻ ധാരണയായെന്ന് കമാൻഡർമാരുടെ ചർച്ചയ്ക്ക് ശേഷം ഇന്നലെ കരസേന അറിയിച്ചിരുന്നു. എന്നാൽ  ഈ ധാരണപ്രകാരമുള്ള നീക്കം ഇതുവരെ ചൈന തുടങ്ങിയിട്ടില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിൽ ഇന്ത്യ ലഡാക്കിൽ വലിയ തയ്യാറെടുപ്പ് നടത്തുന്നു എന്നാണ് വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അതിർത്തിക്കടുത്ത് പറന്നുവെന്നും ലഡാക്കിലെ ചൈനീസ് അതിർത്തിയിലേക്കുള്ള പാതകളിൽ ഇന്ത്യൻ സൈന്യത്തിൻ്റെ ട്രക്കുകളുടെ നീണ്ട നിര കണ്ടുവെന്നും എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ കരസേന മേധാവി ജനറൽ എംഎം നരവനെ അതിർത്തിക്കടുത്ത മേഖലയിൽ എത്തി സ്ഥിതി വിലയിരുത്തി. ചൈനീസ് സേനയെ തടഞ്ഞ ജവാൻമാരെ കരസേനമേധാവി അനുമോദിച്ചു

Follow Us:
Download App:
  • android
  • ios