ദില്ലി: ഇന്ത്യ - ചൈന അതിർത്തിയിൽ ജീവൻ വെടിഞ്ഞ ധീരസൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ''ഇന്ത്യ എന്നും സമാധാനമാണ് ആഗ്രഹിച്ചത്. പക്ഷേ, പ്രകോപിപ്പിച്ചാൽ കനത്ത മറുപടി കൊടുക്കാൻ ഇന്ത്യ സർവസജ്ജമാണ്. അതെന്ത് തരം സാഹചര്യവുമാകട്ടെ'', എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഞ്ഞടിച്ചു. കൊവിഡ് പ്രതിസന്ധി വിലയിരുത്താൻ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിന്  തൊട്ടുമുമ്പാണ് മോദി ഈ പ്രസ്താവന നടത്തിയത്. 

''ചൈനയോട് ഏറ്റുമുട്ടി മരിച്ച സൈനികരെക്കുറിച്ചോർത്ത് രാജ്യം അഭിമാനം കൊള്ളുന്നു'', എന്ന് പറഞ്ഞ പ്രധാനമന്ത്രി, അവരുടെ വീരമൃത്യുവിൽ ആദരമർപ്പിച്ച് രണ്ട് മിനിറ്റ് മൗനമാചരിക്കുകയും ചെയ്തു. അതിന് ശേഷമാണ് യോഗം തുടങ്ങിയത്.

''നമ്മുടെ സൈനികരുടെ ത്യാഗം വെറുതെയാകില്ല. ഇന്ത്യയെ സംബന്ധിച്ച് നമ്മുടെ രാജ്യത്തിന്‍റെ അഖണ്ഡതയും ഐക്യവും പരമാധികാരവും പരമപ്രധാനമാണ്'', പ്രധാനമന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച ഇന്ത്യ - ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ വിശദീകരിക്കാൻ മോദി സർവകക്ഷിയോഗം വീഡിയോ കോൺഫറൻസിംഗ് വഴി വിളിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ചേരുന്ന യോഗത്തിൽ വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിരുന്നു.  ഇതാദ്യമായാണ് പ്രധാനമന്ത്രി അതിർത്തിയിലെ സംഘർഷാവസ്ഥയെക്കുറിച്ച് പ്രതികരിക്കുന്നത്. 

ഇന്ത്യ - ചൈന അതിർത്തിയിൽ തിങ്കളാഴ്ച വൈകിട്ടുണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ചത് 20 സൈനികരാണ്. ഒരു കേണൽ ഉൾപ്പടെയുള്ള ഇവരുടെ പേരുവിവരങ്ങൾ കരസേന പുറത്തുവിട്ടിരുന്നു. തെലങ്കാന, പഞ്ചാബ്, ഒഡിഷ, തമിഴ്നാട്, ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പശ്ചിമബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള സൈനികർക്കാണ് ജീവൻ നഷ്ടമായത്. വീണ് പരിക്കേറ്റ നിലയിലും, വടിയുൾപ്പടെയുള്ള ആയുധങ്ങൾ കൊണ്ട് പരിക്കേറ്റ നിലയിലും, പൂജ്യത്തിനും താഴെ താപനിലയുള്ള ഇടത്തേയ്ക്ക് വീണ് തണുത്തുവിറച്ചുമാണ് ഇവരുടെ ജീവൻ നഷ്ടമായതെന്നാണ് റിപ്പോർട്ടുകൾ.

ചൈനീസ് ഭാഗത്തും മരണങ്ങളുണ്ടായിട്ടുണ്ട്. ഒരു കമാൻഡിംഗ് ഓഫീസറുൾപ്പടെ 40-ലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് വാർത്താഏജൻസിയായ എഎൻഐ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്. 

ഗാൽവൻ താഴ്‍വരയിലെ പ്രധാന മേഖലകളിലൊന്നായ Key Point 14-ൽ ചൈന സ്ഥാപിച്ച ടെന്‍റ് മാറ്റാൻ ചൈനീസ് സൈന്യം തയ്യാറാവാത്തതാണ് സംഘർഷത്തിന് വഴിവച്ചതെന്നാണ് റിപ്പോർട്ടുകൾ. സംഘർഷത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ കേന്ദ്രസർക്കാരോ ചൈനീസ് സർക്കാരോ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇന്ത്യൻ പട്രോളിംഗ് പോയന്‍റിന് തൊട്ടടുത്തുള്ള പ്രദേശത്ത് ചൈന ടെന്‍റ് കെട്ടിയത് മാറ്റാതിരുന്നതാണ് അക്രമത്തിന് വഴി വച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രദേശത്ത് നിന്ന് പിൻമാറുന്നതിന്‍റെ ഭാഗമായി ഇന്ത്യൻ സൈന്യം പട്രോളിംഗ് നടത്തിവരികയായിരുന്നു. 14-ാം പട്രോളിംഗ് പോയന്‍റിനടുത്ത് എത്തിയപ്പോൾ ഇവിടെ കെട്ടിയ ടെന്‍റ് ചൈനീസ് സൈന്യം അഴിച്ച് മാറ്റാൻ തയ്യാറായില്ല. പിന്നീട് ഇരുസൈന്യവും തമ്മിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു. ചൈനീസ് സൈന്യം ഇന്ത്യൻ സൈന്യത്തിന് നേരെ കല്ലെറിഞ്ഞുവെന്നും, ഇരുമ്പുവടികളും പാത്തികളുമായി ഏറ്റുമുട്ടിയെന്നുമാണ് റിപ്പോർട്ടുകൾ. 

ഗാൽവൻ, ഷ്യോക് നദികളുടെ സമീപപ്രദേശത്തുള്ള പതിനാലാം പട്രോളിംഗ് പോയന്‍റിന് തൊട്ടടുത്താണ് കഴി‍ഞ്ഞയാഴ്ച കമാൻഡർ തല തർച്ച നടന്നത്. ഈ യോഗത്തിലാണ് അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് ചർച്ചകൾ തുടരാൻ തീരുമാനമായതും. മെയ് ആദ്യവാരം തുടങ്ങിയ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് മുന്നോടിയായുള്ള നടപടിക്കിടെയാണ് ചൈനീസ് പ്രകോപനം.