Asianet News MalayalamAsianet News Malayalam

20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യുവെന്ന് സ്ഥിരീകരണം, 43 ചൈനീസ് സൈനികർ കൊല്ലപ്പെട്ടു?

17 ഇന്ത്യൻ സൈനികർക്ക് കൂടി ജീവൻ നഷ്ടമായെന്ന തീർത്തും ദുഃഖകരമായ വാർത്തയാണ് പുറത്തുവരുന്നത്. ഇതോടെ ചൈനീസ് അതിർത്തിയിലെ സംഘർഷത്തിൽ വീരമൃത്യു വരിച്ചത് 20 സൈനികരെന്ന് സ്ഥിരീകരണമായി.

India China Standoff 20 Indian Soldiers Martyred Confirms Indian Army
Author
New Delhi, First Published Jun 16, 2020, 10:51 PM IST

ദില്ലി: ഇന്ത്യ - ചൈന അതിർത്തിയായ ലഡാക്കിലെ ഗാൽവൻ താഴ്‍വരയിൽ ഉണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യുവെന്ന് സ്ഥിരീകരിച്ച് കരസേന. ഗുരുതരമായി പരിക്കേറ്റ 17 പേർക്ക് വിദഗ്ധ ചികിത്സ നൽകിയെങ്കിലും അവരെ രക്ഷിക്കാനായില്ല എന്നാണ് കരസേന ഔദ്യോഗികമായി വ്യക്തമാക്കുന്നത്. 

അതേസമയം ചൈനീസ് സൈനികരിൽ 43 പേരെങ്കിലും മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

മേഖലയിൽ നിന്ന് ഇരുസൈന്യവും പിൻമാറിയെന്നും കരസേന വ്യക്തമാക്കുന്നു. മേഖലയിൽ സംഘർഷസ്ഥിതി ഒഴിവാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് നേരത്തേ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

ലഡാക്കിലെ ഗാൽവാൻ താഴ്‍വരയിൽ നടന്ന ചൈനീസ് പ്രകോപനത്തിൽ മൂന്ന് ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. അതിർത്തിയിൽ സൈനികതല ചർച്ചകളും ദില്ലിയിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ചകളും പുരോഗമിക്കവെയാണ് പുതിയ വിവരം പുറത്തുവരുന്നത്. 

ഇന്ത്യ- ചൈന അതിർത്തിയിൽ ചൈനീസ് ഹെലികോപ്റ്ററുകൾ നിരവധി കാണപ്പെടുന്നുവെന്നും, പരിക്കേറ്റ സൈനികരെ എയർ ലിഫ്റ്റ് ചെയ്യാൻ വേണ്ടി എത്തിയതാണെന്നാണ് സൂചനയെന്നും, എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

മരിച്ചവരിൽ വിജയവാഡ സ്വദേശി കേണൽ സന്തോഷ് ബാബു, തമിഴ്നാട് തിരുവണ്ടനൈ സ്വദേശി ഹവിൽദാർ പളനി, ജാർഖണ്ഡ് സാഹിബ് ഗഞ്ജ് സ്വദേശി കുന്ദഎൻ കുമാർ ഓഝ എന്നിവരുടെ പേരുകളാണ് ഇതുവരെ ഔദ്യോഗികമായി കരസേന പുറത്തുവിട്ടിട്ടുള്ളത്. 

കരസേനയുടെ പ്രസ്താവന ഇങ്ങനെ:

Indian and Chinese troops have disengaged at the Galwan area where they had earlier clashed on the night of 15/16 June 2020. 17 Indian troops who were critically injured in the line of duty at the stand off location and exposed to sub-zero temperatures in the high altitude terrain have succumbed to their injuries, taking the total that were killed in action to 20. 
Indian Army is firmly committed to protect the territorial integrity and sovereignty of the nation.

ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവന ഇതായിരുന്നു:

''കിഴക്കൻ ലഡാക്കിന്‍റെ അതിർത്തിപ്രദേശത്ത് ഇരുസേനകളും പിൻമാറാനുള്ള നടപടികൾ ഇന്ത്യയുടെയും ചൈനയുടെയും സൈനിക, നയതന്ത്ര ഉദ്യോഗസ്ഥർ വിശദമായി ചർച്ച ചെയ്ത് വരികയായിരുന്നു. 

ജൂൺ 6, 2020-ന് ഇരുസൈന്യങ്ങളിലെയും കമാൻഡർമാർ യോഗം ചേർന്ന്, സൈനികരെ മേഖലയിൽ നിന്ന് പിൻവലിക്കാൻ തീരുമാനമെടുത്തിരുന്നു. മാത്രമല്ല, ഗ്രൗണ്ട് കമാൻഡർമാർ മേഖലയിൽ പരസ്പരം യോഗം ചേർന്ന്, എങ്ങനെ സൈന്യത്തെ പിൻവലിക്കാമെന്നതിൽ ഒരു ധാരണയിലെത്തി അതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി വരികയായിരുന്നു.

ഈ പ്രക്രിയ നന്നായിത്തന്നെ പുരോഗമിക്കുമെന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാൽ ചൈന ഈ ധാരണ അംഗീകരിച്ചില്ല. മാത്രമല്ല, ഗാൽവൻ താഴ്‍വരയിലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ എന്ന നിയന്ത്രണരേഖയെ മാനിക്കുകയും ചെയ്തില്ല. 

ജൂൺ 15 2020-ന് വൈകിട്ടും, രാത്രിയുമായി ഇരുസൈന്യങ്ങളും തമ്മിൽ സംഘർഷം ഉടലെടുത്തു. ചൈന അതിർത്തി ധാരണ ലംഘിച്ച്, ഇത് മാറ്റാൻ ശ്രമം നടത്തിയതോടെയായിരുന്നു ഇത്. രണ്ട് ഭാഗത്തും മരണങ്ങളുണ്ടായി. ഉയർന്ന നയതന്ത്ര, സൈനിക തലത്തിൽ നടത്തിയ ചർച്ചയിൽ ഉണ്ടായ ധാരണ ചൈന മാനിച്ചിരുന്നെങ്കിൽ ഈ മരണങ്ങൾ ഒഴിവാക്കാമായിരുന്നു.

അതി‍ർത്തിയുമായി ബന്ധപ്പെട്ട്, ഇന്ത്യ എപ്പോഴും വളരെ ഉത്തരവാദിത്തമുള്ള നിലപാടാണ് സ്വീകരിച്ചുപോരുന്നത്. ഇന്ത്യയുടെ എല്ലാ പ്രവർത്തനങ്ങളും ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിനകത്ത് തന്നെയായിരുന്നു. ഈ ധാരണ ചൈനയും മാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 

അതിർത്തിയിൽ സമാധാനവും ശാന്തിയും തുടരേണ്ടതിന്‍റെ ആവശ്യകതയിൽ ഞങ്ങൾ ഉറച്ച് നിൽക്കുകയാണ്. ഭിന്നതകൾ ചർച്ചകളിലൂടെ പരിഹരിക്കാനാവുന്നതാണ്. അതേസമയം, ഇന്ത്യ പരമാധികാരവും അഖണ്ഡതയും സംരക്ഷിച്ചുകൊണ്ട് തന്നെ നിലനിൽക്കും''

തത്സമയസംപ്രേഷണം:

Follow Us:
Download App:
  • android
  • ios