ദില്ലി: രാജ്യത്തെ കൊവിഡ് 19 വ്യാപനം അതിതീവ്രം. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്ക് പ്രകാരം ആകെ രോഗബാധിതര്‍ 20 ലക്ഷം കടന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം 55,000ത്തിന് മുകളിലായി. മഹാരാഷ്ട്രയിൽ പതിനൊന്നായിരത്തിനും ആന്ധ്രപ്രദേശിൽ പതിനായിരത്തിനും മുകളിൽ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 

കർണ്ണാടകയിൽ ആറായിരത്തിലേറെ പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ ആകെ കൊവിഡ് ബാധിതർ ഒരു ലക്ഷം കടന്നു. പശ്ചിമ ബംഗാൾ, തെലങ്കാന, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമാണ്. ഇരുപത്തിരണ്ട് ദിവസം കൊണ്ടാണ് ആകെ രോഗികളുടെ എണ്ണം 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷത്തിലെത്തുന്നത്. രാജ്യത്തെ കൊവിഡ് ബാധിതരിൽ 82 ശതമാനവും പത്തു സംസ്ഥാനങ്ങളിൽ നിന്നാണെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

കേരളത്തില്‍ 30,000 രോഗികള്‍

കേരളത്തില്‍ ഇന്നലെ 1298 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 73 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 33 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് 30,449 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇവരില്‍ 11983 പേര്‍ ഇപ്പോള്‍ ചികില്‍സയിലുണ്ട്. 18333 പേര്‍ രോഗമുക്തി നേടി. 90 മരണങ്ങളാണ് സംസ്ഥാനത്ത് സംഭവിച്ചത് എന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു