ദില്ലി: 90 പേരുമായി ആംസ്റ്റര്‍ ഡാമില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍സ് വിമാനം ഇന്ത്യയില്‍ ഇറങ്ങാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് തിരിച്ചുപോയി. വിമാനം ഇറങ്ങാന്‍ അനുവാദം നല്‍കില്ലെന്ന് വ്യോമയാന അധികൃതര്‍ അറിയിച്ചതോടെയാണ് വിമാനത്താവളത്തില്‍ ഇറങ്ങാതെ മടങ്ങിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമനാത്തിന് അംഗീകൃത ഫ്‌ളൈറ്റ് പ്ലാന്‍ ഉണ്ടായിരുന്നില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അധികൃതര്‍ വ്യക്തമാക്കി. ഒരു വിമാനം പറന്നുയരാന്‍ കമ്പനിക്ക് അനുവാദം ലഭിക്കേണ്ടതുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ മാര്‍ച്ച് 18 മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ആംസ്റ്റര്‍ഡാമില്‍ നിന്ന് ദില്ലിയിലേക്കുള്ള വിമാനം പറത്തിയത് വഴി വിമാനക്കമ്പനി നിയമങ്ങള്‍ ലംഘിച്ചുവെന്നും എന്‍ഡിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇറ്റലിയും സ്‌പെയിനും അടക്കമുള്ള രാജ്യങ്ങളില്‍ കൊവിഡ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ യൂറോപ്പില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്കുള്ള  നിയന്ത്രണം ഇന്ത്യ നീട്ടിയിരുന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന 90 പേരില്‍ ചിലര്‍ ആശങ്കയോടെ സന്ദേശം അയച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനങ്ങള്‍ പ്രവേശിക്കുന്നത് വിലക്കിയിരിക്കുകയാണ്.