യുക്രെയ‍്നിലേക്കും യുക്രൈന് അകത്തുമുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി. യുക്രെയ‍്നിലെ ഇന്ത്യക്കാർ ഇപ്പോൾ എവിടെയാണ് ഉള്ളതെന്ന് അറിയിക്കണം

ദില്ലി: യുക്രെയ‍്നിൽ സംഘർഷം വർധിക്കുന്നതിൽ ആശങ്ക അറിയിച്ച് ഇന്ത്യ. അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും സാധാരണക്കാർക്ക് നേരെയുമുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സംഘർഷം ചർച്ചകളിലൂടെയും നയതന്ത്രപരമായും പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും ഇതിനായി ഇന്ത്യ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ, യുക്രെയ‍്നിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി എംബസി രംഗത്തെത്തി. യുക്രെയ‍്നനിലേക്കും യുക്രെയ‍‍്‍ന് അകത്തുമുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു. യുക്രെയ‍്‍ൻ സർക്കാരിന്റെ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണം. യുക്രെയ‍്നിലെ ഇന്ത്യക്കാർ ഇപ്പോൾ എവിടെയാണ് ഉള്ളതെന്ന് എംബസിയെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

Scroll to load tweet…

യുക്രെയ്നെതിരെ റഷ്യ ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് മുന്നറിയപ്പുമായി ഇന്ത്യൻ എംബസി രംഗത്തെത്തിയത്. തലസ്ഥാനമായ കീവിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും റഷ്യ മിസൈൽ ആക്രമണം ശക്തമായി തുടരുകയാണ്. ആക്രമണത്തില്‍ എട്ട് പേർ മരിച്ചു. 26 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തെ തുടച്ചുമാറ്റാനുള്ള ശ്രമമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിര്‍ സെലൻസ്കി പറഞ്ഞു.

രാവിലെ എട്ട് മണിയോടെയാണ് യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ ആക്രമണം നടത്തിയത്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തലസ്ഥാന നഗരം ആക്രമിക്കപ്പെടുന്നത്. മിസൈൽ ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്ന് കീവ് ഗവ‍ർണർ സ്ഥിരീകരിച്ചു. സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. മിസൈൽ ആക്രമണത്തില്‍ എട്ട് പേർ കൊല്ലപ്പെട്ടതായും 26 പേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ പ്രസിഡന്‍റ് അറിയിച്ചു.

ആദ്യ ആക്രമണത്തിന് പിന്നാലെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ നടന്നു. സ്ഫോടനത്തിൽ തലസ്ഥാന നഗരത്തിലെ ജലവിതരണ, വൈദ്യുത സംവിധാനങ്ങൾ പൂർണമായും തകരാറിലായി. കീവിന് പുറമെ തന്ത്രപ്രധാന മേഖലകളായ ലിവീവ്, ദിനിത്രി, സപ്രോഷ്യ മേഖലകളിലും വൻ ആക്രമണമാണ് റഷ്യ നടത്തുന്നത്. കീവിൽ തെരുവുകളിൽ മൃതദേഹം ചിതറിക്കിടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇതുനോടകം പുറത്ത് വന്നിട്ടുണ്ട്.