ദില്ലി: രാജ്യത്തെ ആദ്യ മൊബൈൽ കൊവിഡ് പരിശോധനാ ലാബ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധൻ ഫ്ലാഗ് ഓഫ് ചെയ്തു. പരിശോധന കേന്ദ്രങ്ങളിൽ എത്തിപ്പെടാൻ പ്രയാസമുള്ള വിദൂരമേഖലകളിൽ താമസിക്കുന്നവർക്ക് സൗകര്യം ഒരുക്കാനാണ് മൊബൈൽ ലബോറട്ടറി സജ്ജമാക്കിയിരിക്കുന്നത്. ദിവസേന 25 ആർടിപിസിആർ, 300 എലിസ പരിശോധനകൾ നടത്താൻ ശേഷിയുള്ളതാണ് ഈ ലാബുകൾ. ടിബി, എച്ച്ഐവി പരിശോധനയ്ക്കും സൗകര്യമുണ്ട്. 

രാജ്യത്തെ കൊവിഡ് പരിശോധന ശക്തമാണെന്ന് ഹർഷവർദ്ധൻ പറഞ്ഞു. ഫെബ്രുവരിയിൽ ഒരു കൊവിഡ് പരിശോധന കേന്ദ്രം മാത്രമുണ്ടായിരുന്ന രാജ്യത്ത് നിലവിൽ 953 കേന്ദ്രങ്ങളുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം, രാജ്യത്ത് കൊവി‍ഡ് ബാധിതരുടെ എണ്ണം 3,66,946 ആയി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 12,881 പേര്‍ക്കാണ് രാജ്യത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന രോഗ ബാധ നിരക്കാണിത്. ഇന്നലെ 334 പേര്‍ മരിച്ചതോടെ ആകെ മരണം 12237 ആയി. നിലവില്‍ 1,60384 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1,94325 പേര്‍ക്ക് രോഗം ഭേദമായി. രോഗ മുക്തി നിരക്ക് ഇന്നും ഉയര്‍ന്നു. 52.95% ആണ് രോഗ മുക്തി നിരക്ക്.