ദില്ലി: കൊവിഡ് വ്യാപനത്തിനെതിരെ മികച്ച പോരാട്ടം നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അർപ്പണമനോഭാവത്തോടയും ത്യാ​ഗത്തോടെയുമാണ് കൊവിഡിനെതിരെ പോരാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഇന്ത്യയെപ്പോലെ ജനസംഖ്യ കൂടുതലുള്ള രാജ്യം എങ്ങനെയാണ് കൊവിഡിനെ നേരിടുന്നത് എന്ന് എല്ലാവരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ലോകം മുഴുവനും ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങളെ വീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

കൊവിഡിനെതിരായ പോരാട്ടത്തിൽ നമ്മുടെ സുരക്ഷാ സേനയും വളരെ വലിയ പങ്ക് വ​ഹിക്കുന്നുണ്ട്. അതാർക്കും നിഷേധിക്കാൻ കഴിയാത്ത് കാര്യമാണ്. കൊവിഡ് പോരാളികളെ ഞാൻ സല്യൂട്ട് ചെയ്യുന്നു. അമിത് ഷാ പറഞ്ഞു. ഭയമില്ലാതെ അർപ്പണത്തോടെയാണ് ഓരോരുത്തരും ഈ പോരാട്ടത്തിൽ പങ്കാളികളാകുന്നത്. രാജ്യത്താകെയുള്ള 130 കോടി ജനങ്ങളും എല്ലാ സംസ്ഥാനങ്ങളും ഓരോ വ്യക്തിയും ഒറ്റക്കെട്ടായി നിന്ന് കൊവിഡിനെതിരെ പൊരുതുകയാണ്.  കൊവിഡിനെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.