ദില്ലി: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലുള്ള എല്ലാ വിദേശികളുടെയും വിസ നീട്ടിനല്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. തെലങ്കാനയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 223 ആയി. ഇതിൽ 32 പേർ വിദേശികളാണ്.

ഇന്ത്യയിലുള്ള വിദേശികളുടെ വിസ കാലാവധി ഏപ്രിൽ 15 വരെ നീട്ടിനൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് മുതൽ പുതുച്ചേരിയിൽ കടുത്ത നിയന്ത്രണങ്ങൾ നിലവിൽവന്നു. യാനം മേഖല ഉൾപ്പെട്ട പുതുച്ചേരിയിലെ പ്രധാന ഇടങ്ങളിലെല്ലാം 144 പ്രഖ്യാപിച്ചു. നാലു പേരിൽ കൂടുതൽ കൂട്ടം ചേരരുതെന്നാണ് നിർദ്ദേശം.

കൊവിഡ് ഭീഷണിയുടെ സാഹചര്യത്തിൽ സിവിൽ സർവ്വീസ് ഉദ്യോഗാർത്ഥികളുടെ അഭിമുഖപരീക്ഷ മാറ്റിവച്ചു. മാർച്ച് 23  മുതൽ ഏപ്രിൽ മൂന്ന് വരെയുള്ള അഭിമുഖങ്ങളാണ് മാറ്റിവച്ചത്. ജനതാ കർഫ്യൂവിന് പിന്തുണ നൽകുന്നതിന്റെ ഭാഗമായി ഞായറാഴ്ച സർവ്വീസ് നടത്തിലെന്ന് ദില്ലി, ബെഗളൂരു, ചെന്നൈ മെട്രോ അധികൃതർ അറിയിച്ചു.

ഇന്ത്യയിലുള്ള വിദേശികളായ രോഗബാധിതരിൽ 17 പേർ ഇറ്റലി സ്വദേശികളാണ്. മൂന്ന് പേർ ഫിലിപ്പീൻസിൽ നിന്നുള്ളവരാണ്. ലണ്ടനിൽ നിന്ന് രണ്ടു പേരും കാനഡ, ഇന്തൊനേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് ഒരാൾ വീതവും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

എത്തിഹാദ് എയർവേസ് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ സർവ്വീസുകളും നിർത്തിവെക്കാൻ തീരുമാനിച്ചു. ഈ മാസം22 മുതൽ 28 വരെയാണ് സർവ്വീസുകൾ നിർത്തി വെക്കുക. ദില്ലി, മുംബൈ, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകൾ നിർത്തിവെക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിൽ കൊവിഡ് 19 രോഗികളുടെ എണ്ണം 50 കടന്നു. ഈ സാഹചര്യത്തിൽ അടിയന്തര പ്രതിരോധം എന്ന നിലയിൽ നാല് നഗരങ്ങൾ പൂർണമായും അടച്ചു. മുംബൈ, പുനെ, നാഗ്പൂർ, പിംപ്രി-ചിൻച്വാദ് എന്നിവിടങ്ങളിലാണ് കടകളും ഓഫീസുകളും പൂർണമായും അടച്ചിടാൻ അധികൃതർ നിർദ്ദേശിച്ചത്.

Read Also: രാജ്യത്ത് 223 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; ഇതിൽ 32 പേർ വിദേശികൾ