കള്ളപ്പണം വെളുപ്പിക്കലിനെതിരെയും ഭീകരതയ്ക്ക് ധനസഹായം നല്‍കുന്നതിനെതിരെയും ഇന്ത്യ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 

ദില്ലി: ജമ്മു കശ്മീരില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഭീകര ഗ്രൂപ്പുകളില്‍ നിന്ന് ഇന്ത്യ വലിയ ഭീഷണിയാണ് നേരിടുന്നതെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) റിപ്പോര്‍ട്ട്. ഈ ഗ്രൂപ്പുകള്‍ ഭീകരര്‍ക്ക് വലിയ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. ഇന്ത്യയില്‍ കള്ളംപ്പണം വെളുപ്പിക്കുന്നിനുള്ള പ്രധാന സ്രോതസ്സുകള്‍ രാജ്യത്തിനുള്ളില്‍ തന്നെയാണെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത് സാധ്യമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജമ്മു കശ്മീരില്‍ സജീവമായ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖ്വയ്ദ പോലെയുള്ള ഭീകര സംഘടനകളുമായി ബന്ധമുള്ള ഗ്രൂപ്പുകളില്‍ നിന്ന് രാജ്യം വലിയ ഭീഷണികളാണ് നേരിടുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സാമ്പത്തിക കുറ്റവാളികളെന്ന് സംശയിക്കുന്നവരില്‍ നിന്ന് 9.3 ബില്യണ്‍ യൂറോ (10.4 ബില്യണ്‍ ഡോളര്‍) മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ ശിക്ഷാവിധിയെ തുടര്‍ന്നുള്ള കണ്ടുകെട്ടലുകള്‍ 5 മില്യണ്‍ ഡോളറില്‍ താഴെ മാത്രമായിരുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

കള്ളപ്പണം വെളുപ്പിക്കലിനെതിരെയും ഭീകരതയ്ക്ക് ധനസഹായം നല്‍കുന്നതിനെതിരെയും ഇന്ത്യ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് എഫ്എടിഎഫ് വ്യക്തമാക്കി. എന്നാല്‍, ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ മെച്ചപ്പെട്ട ഇടപെടലുകള്‍ ആവശ്യമാണെന്നും 368 പേജുകളുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

READ MORE:  ആര്‍ട്ടിക്കിള്‍ 370; പാകിസ്ഥാനും കോണ്‍ഗ്രസ് സഖ്യത്തിനും ഒരേ നിലപാടെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്