കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടമോ വാക്സിനുകൾ എത്തിക്കാനുള്ള  ശ്രമങ്ങളോ അഭിനന്ദിക്കപ്പെടാൻ ഒട്ടും സാധ്യതയില്ലാത്ത ഏതെങ്കിലും ഒരു ഭരണകേന്ദ്രമുണ്ടെങ്കിൽ അത് ബീജിംഗ് ആയിരിക്കും. എന്നാൽ ചൈനീസ് ഗവൺമെന്റിന്റെ മുഖപത്രമായ ഗ്ലോബൽ ടൈംസിൽ അടുത്തിടെ  രാജ്യത്തിന്റെ വിദഗ്ധരെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പറയുന്നത് മറിച്ചാണ്. 

ഇന്ത്യയുടെ വാക്സിനുകൾ ചൈനീസ് വേരിയന്റിനേക്കാൾ ഒട്ടും പിന്നിലല്ലെന്നാണ് ഈ റിപ്പോർട്ട് പറയുന്നത്. ഗവേഷണവും ഉൽപ്പാദന ശേഷിയും എല്ലാം പരിഗണിച്ചാണ് ഇന്ത്യൻ വാക്സിനുകളെ അംഗീകരിക്കുന്ന റിപ്പോർട്ട് ഗ്ലോബൽ ടൈംസ് പുറത്തുവിട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവാണ് ഇന്ത്യയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ വാക്സിനുകൾ ആഗോളതലത്തിൽ കൂടുതൽ വിശ്വാസയോഗ്യമാണെന്ന് സമ്മതിക്കുന്നതാണ് റിപ്പോർട്ട്.  ഇന്ത്യക്ക് വാക്സിൻ ഉൽപ്പാദനത്തിനും വിതരണത്തിനും ശക്തമായ സംവിധാനമുണ്ടെന്ന്, കുറച്ചുകാലം മുമ്പ് ഭാരത് ബയോടെക് സന്ദർശിച്ച ജിലിൻ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലൈഫ് സയൻസസിലെ ജിയാങ് ചുൻലായിയെ  ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ട് പറുയുന്നു.

'ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് വളരെ ശക്തമായ ഉൽപ്പാദന-വിതരണ ശേഷിയുണ്ട്, ചില പാശ്ചാത്യ രാജ്യങ്ങളേക്കാൾ ശക്തമാണത്'- ജിയാങ് പറഞ്ഞതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ‌ വാക്സിൻ‌ നിർമ്മാതാക്കൾ‌ക്ക് വളരെ മുമ്പുതന്നെ ലോകാരോഗ്യ സംഘടന, ഗവി(GAVI),പാൻ‌ അമേരിക്കൻ‌ ഹെൽ‌ത്ത് ഓർ‌ഗനൈസേഷൻ‌ (PAHO)എന്നിവയുൾ‌പ്പെടെ ആഗോള സ്ഥാപനങ്ങളുമായി സഹകരണമുണ്ട്. കൂടാതെ പതിറ്റാണ്ടുകൾ‌ക്ക് മുമ്പുതന്നെ വിശ്വാസം നേടാനും  അവർക്ക് സാധിച്ചു. വാക്സിൻ വികസനത്തിലും നിയന്ത്രണത്തിലും പാശ്ചാത്യ നിലവാരത്തോട് അടുത്തുനിൽക്കുന്നത് അവരുടെ കയറ്റുമതിയെ സഹായിച്ചിട്ടുണ്ടെന്നും ജിയാങ് പറഞ്ഞതായിറിപ്പോർട്ടിൽ പറയുന്നു.

ചൈനയുടെ നിലപാട് ലോകം ഉറ്റുനോക്കുന്ന ഇന്ത്യയുടെ വാക്സീൻ വിതരണ പദ്ധതിക്ക് മുമ്പ്

ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പ്രക്രിയക്ക് തുടക്കം കുറിക്കാനിരിക്കെയാണ് ചൈനയുടെ നിലപാട് പുറത്തുവന്നിരിക്കുന്നത്. അടുത്ത ശനിയാഴ്ച, അതായത് ജനുവരി 16 മുതൽ രാജ്യത്ത് കൊവിഡ് വാക്സീൻ കുത്തിവയ്പ്പ് തുടങ്ങാനിരിക്കുകയാണ്. ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായ വാക്സീൻ വിതരണ പദ്ധതി നടക്കാൻ പോകുന്നു. വാക്സീൻ വിതരണത്തിൽ.ലോകം തന്നെ ഇന്ത്യയെ ഉറ്റുനോക്കുകയാണ്.

കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ ഒന്നരലക്ഷത്തോളം പേരാണ് മരിച്ചത്. ഒരു കോടിയോളം പേർക്ക് രോഗം കണ്ടെത്തി. രോഗവ്യാപനം ഫലപ്രദമായി തടയാൻ എത്രയും പെട്ടെന്ന് വാക്സീൻ വിതരണം നടത്തുക തന്നെയാണ് പോംവഴിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച്, പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച കൊവിഷീൽഡ് വാക്സിനും ഭാരത് ബയോടെക്കിന്‍റെ കൊവാക്സിനുമാണ് വിതരണം ചെയ്യുക.