Asianet News MalayalamAsianet News Malayalam

മിഗ് 21 യുദ്ധ വിമാനാപകടം: വീരമൃത്യു വരിച്ച പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന

വിങ് കമാൻഡർ എം റാണ, ഫ്ലൈറ്റ് ലെഫ്റ്റനന്റ് അദ്വിതീയ ബാല്‍ എന്നിവരാണ് മിഗ് 21 യുദ്ധവിമാനം തകർന്ന് മരണപ്പെട്ട വ്യോമസേന അംഗങ്ങള്‍

India lost these two young pilots in Thursday MiG-21 crash
Author
New Delhi, First Published Jul 29, 2022, 1:17 PM IST

ജയ്പൂർ: രാജസ്ഥാനിലെ ബാർമറിൽ വ്യാഴാഴ്ച രാത്രി ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 ട്രെയിനർ വിമാനം തകർന്ന് മരണപ്പെട്ട രണ്ട് പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന . രാജസ്ഥാനിലെ ഉതർലായ് വ്യോമതാവളത്തിൽ നിന്ന് പരിശീലനത്തിനായി വ്യോമസേനയുടെ ഇരട്ട സീറ്റുള്ള മിഗ്-21 ട്രെയിനർ വിമാനമാണ് കഴിഞ്ഞ ദിവസം തകര്‍ന്ന് വീണത്. 

വിങ് കമാൻഡർ എം റാണ, ഫ്ലൈറ്റ് ലെഫ്റ്റനന്റ് അദ്വിതീയ ബാല്‍ എന്നിവരാണ് മിഗ് 21 യുദ്ധവിമാനം തകർന്ന് മരണപ്പെട്ട വ്യോമസേന അംഗങ്ങള്‍ എന്ന് വ്യോമസേന വെള്ളിയാഴ്ച ഔദ്യോഗികമായി അറിയിച്ചു.

മിഗ് -21 ട്രെയിനർ വിമാനം വ്യാഴാഴ്ച വൈകുന്നേരം രാജസ്ഥാനിലെ ഉതർലായ് എയർ ബേസിൽ നിന്ന് പരിശീലനത്തിനായി പറന്നതായി ഐ‌എ‌എഫ് പ്രസ്താവനയിൽ പറഞ്ഞു.

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വ്യോമസേന അറിയിച്ചു. ഇന്നലെ രാത്രി 9.10 ഓടെയാണ് അപകടം നടന്നത്. വിമാനം പൂർണ്ണമായി കത്തിയമർന്നു. സംഭവത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരിയോട് വിവരങ്ങൾ തേടി.

ബാർമർ ജില്ലയിലെ ഭീംദ ഗ്രാമത്തിൽ അരകിലോമീറ്റർ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിമാനം പൂർണ്ണമായി കത്തി നശിച്ചു. ബൈതു മേഖലയിൽ ഒരു യാത്രയിക്കിടെയാണ് ദാരുണ സംഭവം. വിമാനം തകര്‍ന്നതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 

ഇൻഡിഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി

അസമിലെ ജോറത്ത് വിമാനത്താവളത്തിൽ വൻ അപകടം തലനാരിഴയ്ക്ക് ഒഴിവായി. ഇൻഡിഗോ വിമാനമാണ് പറന്നുയരാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നി മാറുകയായിരുന്നു. ഇൻഡിഗോയുടെ കൊൽക്കത്ത വിമാനമാണ് റൺവേക്ക് പുറത്തെത്തിയത്. യാത്രക്കാർക്ക് പരിക്കില്ല. സംഭവം അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ വിമാനത്തിന് തകരാറുകൾ ഒന്നും കണ്ടെത്താനായില്ലെന്ന് ഇൻഡിഗോ അറിയിച്ചു. .യാത്രക്കാരെയെല്ലാം സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തെത്തിച്ചു.

Follow Us:
Download App:
  • android
  • ios