Asianet News MalayalamAsianet News Malayalam

കൊവിഡിന് ശേഷം സാമ്പത്തിക പ്രതിസന്ധി; നേരിടാന്‍ ഇന്ത്യയ്ക്ക് വഴികള്‍ നിര്‍ദേശിച്ച് രഘുറാം രാജന്‍

പ്രതിരോധ നടപടികളിൽ ഇന്ത്യ ലോകരാജ്യങ്ങൾക്ക് മാതൃകയാണെന്നും അരമണിക്കൂർ നീണ്ട വീഡിയോ കോൺഫറൻസിംഗിൽ രഘുറാം രാജൻ വ്യക്തമാക്കി.

india must have 65000 crore package to help poor
Author
Delhi, First Published Apr 30, 2020, 11:12 AM IST

ദില്ലി: കൊവി‍ഡും ലോക്ക് ഡൗണും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ദരിദ്രരെ സഹായിക്കാൻ‌ 65000 കോടിയുടെ പാക്കേജ് വേണ്ടിവരുമെന്ന് റിസർവ്വ് ബാങ്ക് മുൻ​ഗവർണർ രഘുറാം രാജൻ. രാഹുൽ ​ഗാന്ധിയുമായുള്ള ഫേസ്ബുക്ക് സംവാദത്തിൽ സംസാരിക്കവേയാണ് രഘുറാം രാജൻ ഇപ്രകാരം പറഞ്ഞത്. രോഗനിർണ്ണയ പരിശോധനകൾ വർദ്ധിപ്പിക്കണമെന്നും കൊവിഡിന്റെ പേരിൽ ആരെയും സാമൂഹികമായി ഒറ്റപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിലാണ് രഘുറാം രാജൻ നിലപാട് വ്യക്തമാക്കിയത്. 

തെക്കേന്ത്യൻ സംസ്ഥാനങ്ങളാണ് കൊവിഡ് പ്രതിരോധത്തിൽ മുന്നിലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കൊവിഡ് പ്രതിരോധം, കൊവിഡ് സാമ്പത്തിക മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതം തുടങ്ങിയ വിഷയങ്ങളിൽ രാഹുൽ ഗാന്ധി നടത്തുന്ന ചർച്ചാപരമ്പരയിലെ ആദ്യ അധ്യായത്തിലാണ് രഘു റാം രാജൻ എത്തിയത്. 'ജീവനും സമ്പത്തിനും വലിയ ഭീഷണി ഉയർത്തുന്ന കാലമാണിത്. ഏറ്റവും വലിയ വെല്ലുവിളി അതിഥി തൊഴിലാളികളടക്കമുള്ള പാവപ്പെട്ടവരുടെ പുനരധിവാസമാണ്. മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ അവർക്കായി ഒരുക്കണം. മികച്ച ആരോഗ്യം, കുട്ടികളുടെ വിദ്യാഭ്യാസം ഇതെല്ലാം ഉറപ്പ് വരുത്തേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന് മുന്നിലെ പ്രധാന ദൗത്യവും വെല്ലുവിളിയും ഇതാണ്.' രഘു റാം രാജൻ പറഞ്ഞു.

തൊഴിലില്ലായ്മയാണ് മറ്റൊരു വെല്ലുവിളി. കൊവിഡ് ഭേദമായവർക്ക് പലയിടങ്ങളിലും സാമൂഹിക വിലക്ക് ഏർപ്പെടുത്തുന്നുവെന്ന റിപ്പോർട്ടുകളും ആശങ്കാജനകമാണ്. അതേ സമയം പ്രതിരോധ നടപടികളിൽ ഇന്ത്യ ലോകരാജ്യങ്ങൾക്ക് മാതൃകയാണെന്നും അരമണിക്കൂർ നീണ്ട വീഡിയോ കോൺഫറൻസിംഗിൽ രഘുറാം രാജൻ വ്യക്തമാക്കി.

അടുത്ത തവണ ഒരു സ്വീഡിഷ് വൈറോളജിസ്റ്റുമായിട്ടായിരിക്കും രാഹുൽ ഗാന്ധിയുടെ ചർച്ച. രാഹുൽ ഗാന്ധിയെ മുൻനിർത്തി ക്രിയാത്മക പ്രതിപക്ഷമെന്ന പ്രതിച്ഛായ സൃഷ്ടിക്കാനുള്ള നീക്കമാണ് കൊവിഡ് കാലത്ത് കോൺഗ്രസ് നടത്തുന്നത്. അതുകൊണ്ടു തന്നെ സർക്കാർ നടപടികളുടെ ഭാഗമാകേണ്ടതില്ലെന്നാണ് തീരുമാനം. അടുത്തിടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ പതിനൊന്നംഗ സംഘത്തെയും കൊവിഡ് സാഹചര്യം വിലയിരുത്തി നിലപാട് വ്യക്തമാക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയോഗിച്ചിരുന്നു.


 

Follow Us:
Download App:
  • android
  • ios