ARMA 3 എന്ന വീഡിയോ ഗെയിമിൽ നിന്നുള്ള ദൃശ്യങ്ങളാണ് പാകിസ്ഥാൻ മന്ത്രി പങ്കുവെച്ചത്. 

ദില്ലി: ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിനിടെ വീ‍ഡിയോ ഗെയിമിലെ യുദ്ധത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച പാകിസ്ഥാൻ മന്ത്രി വിവാദത്തിൽ. പാകിസ്ഥാൻ വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി അത്തുല്ല തരാർ എന്നയാളാണ് വ്യാജ പ്രചാരണം നടത്തിയത്. പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഇന്ത്യയുമായുള്ള സൈനിക ഇടപെടലെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തത്. ഇത് വീഡിയോ ഗെയിമിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന് സ്ഥിരീകരിച്ചു. 

പാകിസ്ഥാൻ സായുധ സേന ഇന്ത്യൻ സുരക്ഷാ സേനയ്ക്ക് "സമയബന്ധിതവും നാഡീവ്യൂഹത്തെ തകർക്കുന്നതുമായ പ്രതികരണം" നൽകിയെന്ന് അവകാശപ്പെടുന്ന വീ‍ഡിയോ ARMA 3 എന്ന വീഡിയോ ഗെയിമിൽ നിന്നുള്ള ദൃശ്യങ്ങളാണ്. ഒരു ക്ലോസ്-ഇൻ വെപ്പൺ സിസ്റ്റം (CIWS) ഉൾപ്പെടുന്ന ദൃശ്യങ്ങൾ ജനപ്രിയ സൈനിക ഗെയിമായ ARMA 3-ൽ നിന്നുള്ളതാണെന്ന് യുകെ ഡിഫൻസ് ജേണൽ പോസ്റ്റ് വ്യക്തമാക്കി. 

Scroll to load tweet…

ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിന്റെ യഥാർത്ഥ ദൃശ്യങ്ങളാണെന്ന് പറഞ്ഞ് നിരവധി കോംബാറ്റ് ഗെയിമിംഗ് വീഡിയോകൾ പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും ദയവായി അത്തരം പ്രചാരണ പോസ്റ്റുകൾക്ക് ഇരയാകരുതെന്നും കേന്ദ്രസർക്കാരിന്റെ ഫാക്ട് ചെക്കിംഗ് യൂണിറ്റായ പി.ഐ.ബി ഫാക്ട്-ചെക്ക് അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. സമാനമായ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പി.ഐ.ബി ഫാക്ട്-ചെക്ക് സമൂഹ മാധ്യമമായ എക്‌സിൽ പോസ്റ്റ് പങ്കുവെച്ചത്. 

Scroll to load tweet…

കഴിഞ്ഞ ദിവസം പാകിസ്ഥാൻ ആസ്ഥാനമായുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇന്ത്യൻ വ്യോമസേനയുടെ വനിതാ പൈലറ്റിനെ പിടികൂടിയതായി അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ അവകാശവാദം ഇന്ത്യ തള്ളി. അവകാശവാദം വ്യാജമാണെന്നും ഇന്ത്യൻ വനിതാ വ്യോമസേന പൈലറ്റിനെ പിടികൂടിയിട്ടില്ലെന്നും പി.ഐ.ബി വ്യക്തമാക്കി. വനിതാ വ്യോമസേന പൈലറ്റ് സ്ക്വാഡ്രൺ ലീഡർ ശിവാനി സിംഗ് പാകിസ്ഥാനിൽ പിടിയിലായതായി പാകിസ്ഥാൻ അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അവകാശപ്പെടുന്നുണ്ടെന്നും ഈ അവകാശവാദം വ്യാജമാണെന്നും പി.ഐ.ബി ഫാക്ട് ചെക്ക് എക്‌സിൽ പോസ്റ്റ് ചെയ്തു. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ പാകിസ്ഥാൻ നിരവധി തെറ്റായ അവകാശവാദങ്ങൾ നടത്തിയിരുന്നു. എന്നാൽ, ശനിയാഴ്ച നടന്ന പത്രസമ്മേളനത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ ഇതിന് ഓരോന്നിനും ശക്തമായ മറുപടി നൽകുകയും ചെയ്തു.