യുദ്ധത്തെ സംബന്ധിച്ചുള്ള മന്ത്രിയുടെ വീരവാദങ്ങൾക്ക് ടിവി അവതാരിക തെളിവ് ചോദിച്ചതും തനിക്കൊന്നും കേൾക്കാന്‍ വയ്യെന്നും ശബ്ദം ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ആക്രമണത്തെ കുറിച്ച് സൗദി അറേബ്യ ആസ്ഥാനമായുള്ള വാർത്താ ചാനലായ അൽ അറേബ്യയുടെ അവതാരിക ചോദിച്ചപ്പോൾ ഒന്നും കേൾക്കാന്‍ വയ്യെന്നും അല്പം കൂടി ഉറക്കെ സംസാരിക്കാനും ആവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. ഉറക്കെ ചോദിച്ചപ്പോഴും തനിക്ക് കേൾക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അല്പം കുടി ശബ്ദം കൂട്ടാനും ഖ്വാജ മുഹമ്മദ് ആസിഫ് ആവശ്യപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതിന് പിന്നാലെ ഇന്ത്യയുടെ വെടി ശബ്ദം കേട്ട് അദ്ദേഹത്തിന്‍റെ ചെവിക്കല്ല് അടിച്ച് പോയിക്കാണുമെന്ന് അഭിപ്രായപ്പെട്ട് സമൂഹ മാധ്യമ ഉപയോക്താക്കളും രംഗത്തെത്തി.
ഏപ്രില്‍ 22 ന് പാക് തീവ്രവാദികൾ പഹല്‍ഗാമില്‍ ആക്രമണം നടത്തി 25 ഇന്ത്യക്കാരെയും ഒരു നേപ്പാളി പൌരനെയും കൊലപ്പെടുത്തിയത് മുതല്‍ പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് 'എയറി'ലാണ്. പാക് പ്രതിരോധ മന്ത്രിക്ക് സൈന്യവുമായി ഒരു ബന്ധവുമില്ലെന്ന തരത്തിലുള്ള പ്രസ്താവനകളായിരുന്നു അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നും എപ്പോഴും ഉണ്ടായിരുന്നത്. ഒരു രാജ്യത്തിന്‍റെ പ്രതിരോധ മന്ത്രിയായിട്ടും. ഇന്ത്യന്‍ സൈനിക വിമാനം പാക് സൈന്യം വെടിവച്ച് ഇട്ടെന്നും അതിനുള്ള തെളിവ് സമൂഹ മാധ്യമങ്ങളില്‍ ഉണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് പാകിസ്ഥാന്‍ ദേശീയ അസംബ്ലിയിലടക്കം വലിയ വിവാദമാണ് ഉര്‍ത്തിയത്. ഇതിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളെ കണ്ടപ്പോഴെല്ലാം പരസ്പര വിരുദ്ധമായ കാര്യങ്ങൾ സംസാരിച്ചതിന് സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹം നിരന്തരം ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തു.
"തെളിവുകൾ പങ്കുവെക്കാമോ, ആക്രമണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നിങ്ങളുടെ കൈവശമുണ്ടോ?"അൽ അറേബ്യയുടെ അവതാരിക ഖ്വാജ ആസിഫിനോട് ചോദിച്ചു. അതിനു മറുപടിയായി മന്ത്രി ഒരു നിമിഷം നിർത്തി, "എനിക്ക് നിങ്ങളെ ശരിയായി കേൾക്കാൻ കഴിയുന്നില്ല" എന്ന് പറഞ്ഞു. ഇത് കേട്ടതും അവര്‍ പരമാവധി ഉച്ചത്തില്‍ തന്‍റെ ചോദ്യം ആവര്‍ത്തിച്ചു "ഇപ്പോൾ ഞാൻ പറയുന്നത് കേൾക്കാമോ എന്ന് ചോദിച്ചു. പക്ഷേ അപ്പോഴും 'ഇല്ല, കേൾക്കാന്‍ കഴിയുന്നില്ല. ദയവായി അല്പം ശബ്ദമുയര്‍ത്തൂ.' എന്നാണ് ഖ്വാജ ആസിഫ് മറുപടി പറയുന്നത്. വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. 11 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി പേരാണ് കുറിപ്പുമായി രംഗത്തെത്തിയത്. ചിലരെഴുതിയത് ' ഈ തന്ത്രം ഞാന്‍ എന്‍റെ മേജർ പ്രോജക്റ്റ് പ്രസന്‍റേഷന് ഉപയോഗിച്ചിരുന്നു' എന്നായിരുന്നു. സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹം എല്ലാ കാര്യങ്ങളും അറിയുന്നതെന്ന് മറ്റൊരാൾ എഴുതി. എല്ലാം ഒരു കോമഡി ഷോ എന്നായിരുന്നു ചിലരുടെ കുറിപ്പ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിഞ്ഞെങ്കിലും ഖ്വാജ മുഹമ്മദ് ആസിഫ് എന്ന് പാക് പ്രതിരോധ മന്ത്രി അടുത്ത കാലത്തൊന്നും എയറില്‍ നിന്ന് ഇറങ്ങാന്‍ സാധ്യത ഇല്ലെന്നായിരുന്നു ചിലര്‍ എഴുതിയത്.


