രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള കഫ് സിറപ്പുകൾക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു. ചില സിറപ്പുകളിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്നുണ്ടായ കുട്ടികളുടെ മരണമാണ് ഈ തീരുമാനത്തിന് പിന്നിൽ. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഫാർമസിസ്റ്റുകൾക്ക് ഇത്തരം മരുന്നുകൾ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് നൽകാൻ കഴിയില്ല.

ദില്ലി: രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള കഫ് സിറപ്പ് നൽകുന്നത് നിയന്ത്രിച്ചേക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാതൊരു കാരണവശാലും ചുമയ്ക്കുള്ള മരുന്നുകൾ നൽകാൻ പാടില്ലെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. 5 വയസ്സുവരെയുള്ള കുട്ടികൾക്കും കഫ് സിറപ്പുകൾ നൽകുന്നത് അഭികാമ്യമല്ലെന്നും, അത്യാവശ്യ ഘട്ടങ്ങളിൽ ഡോക്ടറുടെ കർശന മേൽനോട്ടത്തിൽ മാത്രമേ നൽകാവൂ എന്നുമാണ് നിർദേശം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മധ്യപ്രദേശിലെ ഛിന്ദ്വാരയിലും രാജസ്ഥാനിലും കഫ് സിറപ്പുകൾ കഴിച്ച് നിരവധി കുട്ടികൾ മരണപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. 'കോൾഡ്രിഫ്' പോലുള്ള ചില സിറപ്പുകളിൽ വിഷാംശമുള്ള ഡൈതലീൻ ഗ്ലൈക്കോൾ അടങ്ങിയതായി കണ്ടെത്തിയിരുന്നു. ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വന്ന മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഫാർമസിസ്റ്റുകൾ 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇത്തരം മരുന്നുകൾ നൽകരുതെന്ന് ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ അറിയിച്ചു. മിക്കവാറും കുട്ടികളിലെ ചുമ തനിയെ മാറുന്നതാണെന്നും, ധാരാളം വെള്ളം കുടിക്കുന്നതും വിശ്രമവുമാണ് പ്രധാനമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ നിയന്ത്രണം ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിനും കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പായാണ് കണക്കാക്കപ്പെടുന്നത്.