ശ്രീലങ്കയിലെ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഇന്ത്യ സൈന്യത്തെ അയക്കുന്നുവെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ ശക്തമായിരുന്നു. ഇത് അടിസ്ഥാന രഹിതമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കി.

ദില്ലി: ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യ. സമൂഹമാധ്യമങ്ങളിലടക്കം നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം, അഭയാര്‍ത്ഥി കടന്നുകയറ്റം തടയാന്‍ ലങ്കയുമായുള്ള സമുദ്രാതിര്‍ത്തികളില്‍ സുരക്ഷാ വിന്യാസവും നിരീക്ഷണവും ഇന്ത്യ കൂടുതല്‍ ശക്തമാക്കി.

ശ്രീലങ്കയിലെ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഇന്ത്യ സൈന്യത്തെ അയക്കുന്നുവെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ ശക്തമാണ്. ചില വിദേശ മാധ്യമങ്ങളും ഈ പ്രചാരണം ഏറ്റെടുത്തിരുന്നു. രജപക്സെ ആവശ്യപ്പെട്ടാല്‍ ഇന്ത്യ നിശ്ചയമായും സൈന്യത്തെ അയക്കണമെന്ന മുന്‍ ബിജെപി എം പി സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണമടക്കം ഏറ്റെടുത്തായിരുന്നു പ്രചാരണം. ഈ പശ്ചാത്തലത്തിലാണ് ലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നിലപാട് വ്യക്തമാക്കുന്നത്. വാസ്തവ വിരുദ്ധമായ പ്രചാരണമാണ് നടക്കുന്നത്. ഇന്ത്യ ഒരിക്കലും അത്തരമൊരു നീക്കം നടത്തില്ല. ലങ്കയിലെ ജനങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ. അവരുടെ ക്ഷേമത്തിനായി മാനുഷിക പിന്തുണയും സഹായവും തുടരുമെന്നും ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ലങ്ക നേരിടുന്ന വെല്ലുവിളി തിരിച്ചറിയുന്നുണ്ടെങ്കിലും ഭരണപ്രതിസന്ധിയില്‍ ഇടപെടേണ്ടെന്ന നിലപാടില്‍ തന്നെയാണ് ഇന്ത്യ.

അതേസമയം, പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ നിന്ന് പലായനം ശക്തമാകാനുള്ള സാധ്യത ഇന്ത്യ തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തില്‍ തമിഴ്നാട് തീരം മുതല്‍ കേരളാ തീരം വരെയുള്ള സമുദ്രാര്‍ത്തിയില്‍ നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കി. ഹോവർക്രാഫ്റ്റുകൾ, ഡോണിയര്‍ വിമാനങ്ങള്‍, പട്രോളിംഗ് ബോട്ടുകൾ എന്നിവയ്‌ക്ക് പുറമെ സുരക്ഷാ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികള്‍ക്കൊപ്പം സംസ്ഥാനങ്ങളിലെ കോസ്റ്റല്‍ പൊലീസും ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ഘട്ടം മുതല്‍ ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികള്‍ പലായനത്തിന് ശ്രമം നടത്തിയിരുന്നു. വളരെ കുറച്ച് പേര്‍ മാത്രമേ എത്തിയിരുന്നുള്ളൂവെന്നാണ് വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്നലെ വിശദീകരിച്ചത്.