സ്വച്ഛ സർവ്വെക്ഷൺ അവാർഡ് 2021 ന്റെ രണ്ടാം സ്ഥാനം ലഭിച്ചത് സൂറത്തിനും മൂന്നാം സ്ഥാനം വിജയവാഡയ്ക്കുമാണ്.  

ദില്ലി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി (India's Cleanest City) തെരഞ്ഞെടുക്കപ്പെട്ട് ഇൻഡോർ (Indore). ഇത് അഞ്ചാം തവണയാണ് ഇൻഡോർ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെടുന്നത്. കേന്ദ്രസർക്കാരിന്റെ വാർഷിക ശുചിത്വ സർവ്വെയിലാണ് ഇൻഡോർ ഒന്നാമതെത്തിയത്. സർവ്വെ ഫലം ഇന്നാണ് പ്രഖ്യാപിച്ചത്. സ്വച്ഛ സർവ്വെക്ഷൺ അവാർഡ് 2021 ന്റെ രണ്ടാം സ്ഥാനം ലഭിച്ചത് സൂറത്തിനും (Surat) മൂന്നാം സ്ഥാനം വിജയവാഡയ്ക്കുമാണ് (Vijayawada). 

വൃത്തിയുള്ള ഗംഗാ നഗരം എന്ന കാറ്റഗറിയിൽ വാരണസിയെ അവാർഡിനായി തെരഞ്ഞെടുത്തു. സർവ്വെ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ചത്തീസ്ഗഡ് ആണ്. രാഷ്ട്രപതി രാംനാഥ് കൊവിന്ദ് പുരസ്കാരം സമ്മാനിച്ചു. 28 ദിവസത്തിനുള്ളിൽ 4,320 നഗരങ്ങളിൽ നടത്തിയ സ‍ർവ്വെയിൽ 4.2 കോടിയോളം ആളുകൾ അവരുടെ പ്രതികരണം നൽകിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

100-ലധികം നഗര തദ്ദേശ സ്ഥാപനങ്ങളുള്ള മഹാരാഷ്ട്രയും മധ്യപ്രദേശും രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനങ്ങളിൽ രണ്ടാമത്തേതും മൂന്നാമത്തേതുമായി തിരഞ്ഞെടുക്കപ്പെട്ടു. 100-ൽ താഴെ നഗര തദ്ദേശ സ്ഥാപനങ്ങളുള്ള സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ജാർഖണ്ഡ് ഒന്നാം സ്ഥാനത്തും ഹരിയാനയും ഗോവയും തൊട്ടുപിന്നാലെയുമാണ്.

ഇൻഡോർ, സൂറത്ത്, വിജയവാഡ, നവി മുംബൈ, ന്യൂഡൽഹി, അംബികാപൂർ, തിരുപ്പതി, പൂനെ, നോയിഡ, ഉജ്ജയിൻ എന്നിവയാണ് ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള 10 മികച്ച വൃത്തിയുള്ള നഗരങ്ങൾ. ഇതേ വിഭാഗത്തിലെ 25 നഗരങ്ങളിൽ ഏറ്റവും താഴെയാണ് ഉത്ത‍ർപ്രദേശിലെ ലഖ്‌നൗവിന്റെ സ്ഥാനം. 1-3 ലക്ഷം ജനസംഖ്യയുള്ള രാജ്യത്തെ ഏറ്റവും വൃത്തിയുള്ള ചെറുനഗര വിഭാഗത്തിൽ ദില്ലി മുനിസിപ്പൽ കൗൺസിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ റാങ്കിംഗ് വിഭാഗത്തിൽ സൂറത്തിന് ഒന്നാം സ്ഥാനവും ഇൻഡോറും ന്യൂഡൽഹിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.