Asianet News MalayalamAsianet News Malayalam

ഇന്ത്യക്ക് വൻ തിരിച്ചടി: സാമ്പത്തിക ശക്തികളുടെ പട്ടികയിൽ അഞ്ചാം സ്ഥാനം നഷ്‌ടമായി

ലോകബാങ്ക് തയ്യാറാക്കിയ പട്ടിക പ്രകാരം, 2017 ൽ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 2018 ലെ കണക്കുകൾ പുറത്തുവന്നപ്പോൾ ഏഴാം സ്ഥാനത്താണ്

India slips to 7th largest economy in 2018: World Bank
Author
New Delhi, First Published Aug 2, 2019, 4:49 PM IST

ദില്ലി: സാമ്പത്തിക ശേഷിയുടെ അടിസ്ഥാനത്തിൽ ലോകബാങ്ക് തയ്യാറാക്കിയ പട്ടികയിൽ ഇന്ത്യക്ക് തിരിച്ചടി. 2017 ൽ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 2018 ലെ കണക്കുകൾ പുറത്തുവന്നപ്പോൾ ഏഴാം സ്ഥാനത്തായി. ഫ്രാൻസും ബ്രിട്ടനും വീണ്ടും ഇന്ത്യയെ പിന്നിലാക്കി.

പുതിയ പട്ടിക പ്രകാരം അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ് എന്നിവർക്ക് താഴെയാണ് ഇന്ത്യ. 2017 ൽ ഫ്രാൻസിനെ മറികടന്ന് ആറാം സ്ഥാനത്തെത്തിയ ഇന്ത്യയുടെ 2018 ലെ മൊത്ത ആഭ്യന്തര ഉൽപ്പാദനം വെറും 2.7 ട്രില്യൺ ഡോളറായിരുന്നു. എന്നാൽ ഫ്രാൻസ് 2.8 ട്രില്യൺ ഡോളർ നേടി മുന്നേറിയെന്നാണ് ലോക ബാങ്കിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

ഒന്നാം സ്ഥാനത്തുള്ള അമേരിക്കയ്ക്ക് 20.5 ട്രില്യൺ ഡോളറാണ് ജിഡിപി. രണ്ടാമതുള്ള ചൈന 13.6 ട്രില്യൺ ഡോളറാണ് ജിഡിപി നേടിയത്. ജപ്പാൻ അഞ്ച് ട്രില്യണും, ജർമ്മനി നാല് ട്രില്യണും നേടി. ബ്രിട്ടനും ഫ്രാൻസും 2.8 ട്രില്യൺ ഡോളറിലേറെ ജിഡിപിയുമായി അഞ്ചും ആറും സ്ഥാനത്താണ്.

മുൻപ് 2017 ൽ ഇന്ത്യയുടെ ഡിജിപി 2.65 ട്രില്യൺ ഡോളറായിരുന്നു. ബ്രിട്ടന്റേത് 2.64 ട്രില്യൺ ഡോളറും ഫ്രാൻസിന്റേത് 2.5 ട്രില്യൺ ഡോളറുമായിരുന്നു. ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്ന ഇന്ത്യ ഇതോടെ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുകയായിരുന്നു. 

ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദനത്തിലുണ്ടായ കുറവും രൂപയുടെ വിലയിടിവുമാണ് ഏഴാം സ്ഥാനത്തേക്ക് പോകാനുള്ള കാരണമായി സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. 2017 ൽ രൂപയുടെ മൂല്യം ഉയർന്നെങ്കിലും 2018 ൽ ഇത് താഴേക്ക് പോയി. 

പക്ഷെ ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തി ഇപ്പോഴും ഇന്ത്യയാണ്. ചൈനയുടെ സാമ്പത്തിക വളർച്ച അമേരിക്കയുമായുള്ള വാണിജ്യ തർക്കങ്ങൾ മൂലം താഴേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2019 ലെ കണക്കുകൾ പുറത്തുവരുമ്പോൾ ഇന്ത്യ ബ്രിട്ടനെ മറികടക്കുമെന്നും 2025 ൽ അഞ്ച് ട്രില്യൺ ഡോളർ ജിഡിപിയുമായി ഇന്ത്യ ജപ്പാനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തുമെന്നുമാണ് കേന്ദ്രസർക്കാർ പറയുന്നത്.

Follow Us:
Download App:
  • android
  • ios