1999-ലെ കാർ​ഗിൽ യുദ്ധകാലത്താണ് പിനാക്കയുടെ ആദ്യവിന്യാസം. റഷ്യന്‍ ഗ്രാഡ് ബിഎം-21 റോക്കറ്റ് ലോഞ്ചറിന് പകരമായാണ് ഇന്ത്യൻ സേനയിൽ പിനാക സംവിധാനം വിന്യസിക്കുന്നത്.

ദില്ലി: 1999-ലെ കാർ​ഗിൽ യുദ്ധത്തിൽ പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ഗൈഡഡ് പിനാക ആയുധസംവിധാനത്തിന്റെ പരീക്ഷണപ്പറക്കൽ വിജയകരം. അമേരിക്കയുടെ പ്രമുഖ റോക്കറ്റ് ലോഞ്ചറിനെ വെല്ലുന്ന പ്രകടനം കാഴ്ച വെക്കുന്ന 'പിനാക്ക' വാങ്ങാൻ ഫ്രാൻസും അർമേനിയയും താൽപ്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് ഒരുമിച്ച് ഉന്നംവെക്കുന്ന സമയത്തെ ആയുധ സംവിധാനത്തിന്റെ പരിധി, കൃത്യത, സ്ഥിരത തുടങ്ങിയവ പരിശോധിക്കുന്നതിനു വേണ്ടിയായിരുന്നു പരീക്ഷണം. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിൽ ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചതാണ് ഏറ്റവും പുതിയ ലോഞ്ചർ 'പിനാക്ക'.

പ്രതിരോധഗവേഷണ വികസന സ്ഥാപനമായ ഡിആർഡിഒ ആണ് പിനാക്കയുടെ പരീക്ഷണം നടത്തിയത്. വിവിധ ഫീൽഡ് ഫയറിങ് റേഞ്ചുകളിൽ മൂന്ന് ഘട്ടങ്ങളായിട്ടായിരുന്നു പരീക്ഷണം. രണ്ട് ഇന്‍-സര്‍വീസ് പിനാക ലോഞ്ചറുകളില്‍ ഓരോന്നില്‍നിന്നും 12 റോക്കറ്റുകളുടെ പരീക്ഷണമാണ് ഡി.ആർ.ഡി.ഒ വ്യാഴാഴ്ച വിജയകരമായി പൂർത്തിയാക്കിയത്. പരീക്ഷത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഡിആർഡിഒ ഓഫീഷ്യൽ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിരുന്നു. പിനാക്കയുടെ പരീക്ഷണ വിജയത്തിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഡിആർഡിഒയെ പ്രശംസിച്ചു. 

റോക്കറ്റ് സംവിധാനം ഇന്ത്യൻ സേനയിലേക്ക് സംയോജിപ്പിക്കുന്നതിന് മുൻപുള്ള എല്ലാ പരീക്ഷണങ്ങളും പൂർത്തിയായതായാണ് ഡിആർഡിഒ വ്യക്തമാക്കുന്നത്. യുഎസിന്‍റെ എം 142 HIMARS റോക്കറ്റ് ലോഞ്ചർ സംവിധാനത്തിന് തുല്യമായ സംവിധാനമാണ് ഇന്ത്യയുടെ പിനാക. 60 കിലോമീറ്റർ പരിധിയുള്ള ഫ്രീ-ഫ്ലൈറ്റ് ആർട്ടിലറി റോക്കറ്റ് ഈ സംവിധാനത്തിൽ ഉൾപ്പെടുന്നു. മൾട്ടി-ട്യൂബ് ലോഞ്ചർ വെഹിക്കിൾ അടക്കമുള്ള സംവിധാനങ്ങളും ലോഞ്ചറിലുണ്ട്. മൾട്ടി-ബാരൽ റോക്കറ്റ് സിസ്റ്റത്തിൽ 6 റോക്കറ്റുകൾ വീതമുള്ള രണ്ട് പോഡുകൾ ഉണ്ട്.

Scroll to load tweet…

 72 റോക്കറ്റുകൾ വരെ വിക്ഷേപിക്കാൻ സാധിക്കുന്നതാണ് പുതിയ ലോഞ്ചർ. ലോഞ്ചർ മാനുവൽ, റിമോട്ട്, സ്റ്റാൻഡ് എലോൺ, ഓട്ടോണമസ് മോഡുകളിൽ പ്രവർത്തിപ്പിക്കാനാകുമെന്ന പ്രത്യകതയും പുതിയ ലോഞ്ചറിനുണ്ട്. 1999-ലെ കാർ​ഗിൽ യുദ്ധകാലത്താണ് പിനാക്കയുടെ ആദ്യവിന്യാസം. റഷ്യന്‍ ഗ്രാഡ് ബിഎം-21 റോക്കറ്റ് ലോഞ്ചറിന് പകരമായാണ് ഇന്ത്യൻ സേനയിൽ പിനാക സംവിധാനം വിന്യസിക്കുന്നത്. യുദ്ധത്തിനിടെ, ഉയർന്ന പ്രദേശത്തുള്ള പാക് പൊസിഷനുകൾ തകർക്കുന്നതിൽ പിനാക വഹിച്ച പങ്ക് ഏറെ പ്രധാനമാണ്. അന്ന് പാകിസ്ഥാനെ വിറപ്പിച്ച പിനാക്ക ലോഞ്ചർ വീണ്ടും അവതരിക്കുകയാണ്.

പിനാക്കയുടെ പരീക്ഷണ വിജയത്തിന് പിന്നാലെ സംഘർഷബാധിത പ്രദേശമായ അർമേനിയയിൽ നിന്നും പിനാകയ്ക്ക്‌ ആദ്യ ഓർഡർ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ, ഫ്രാൻസും തങ്ങളുടെ സൈനികശക്തി വർധിപ്പിക്കുന്നതിന്റെ ഭാ​ഗമായി ഇന്ത്യയുടെ നൂതന റോക്കറ്റ് സംവിധാനത്തിൽ താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഫ്രാൻസുമായി ചർച്ചകൾ പുരോ​ഗമിക്കുന്നുണ്ടെന്നും അടുത്ത ആഴ്ചകളിൽ പിനാക പരീക്ഷിക്കാൻ ഫ്രാൻസ് തീരുമാനിച്ചതായും സൂചനകളുണ്ട്. 

Read More : മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; അമിത് ഷായുടെ ഹെലികോപ്റ്ററും ബാ​ഗുകളും പരിശോധിച്ച് ഉദ്യോ​ഗസ്ഥർ, വീഡിയോ