ദില്ലി: അടുത്ത എട്ട് വ‍ര്‍ഷത്തിനുള്ളിൽ ഇന്ത്യ ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാകുമെന്ന് ഐക്യരാഷ്ട്ര സഭ. 2050 ഓടെ ലോക ജനസംഖ്യ 970 കോടിയാകുമെന്നും ഈ നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇത് 1100 കോടിയാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

യുഎൻ റിപ്പോര്‍ട്ടിൽ ശിശു മരണ നിരക്ക് ഇനിയും താഴേക്ക് പോകുമെന്ന കാര്യവും ചൂണ്ടികാട്ടുന്നുണ്ട്. ഇപ്പോഴത്തെ ജനസംഖ്യയിൽ നിന്ന് 2050 ലെ ജനസംഖ്യയിലേക്കുള്ള വള‍ര്‍ച്ചയുടെ പകുതിയും ഏഴ് രാജ്യങ്ങളിൽ നിന്നായിരിക്കും. ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാൻ, കോംഗോ, എത്യോപ്യ, ടാൻസാനിയ, ഇന്തോനേഷ്യ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളിലെ ജനസംഖ്യാ വ‍ളര്‍ച്ചയാണ് ഇതിന് കാരണമാവുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.

ലോകത്തിലെ ദരിദ്രരാഷ്ട്രങ്ങളിൽ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഏഴ് വ‍ര്‍ഷം കുറവാണ് ജനങ്ങളുടെ ആയുര്‍ദൈര്‍ഷ്യം എന്ന് റിപ്പോര്‍ട്ടിലുണ്ട്. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക കാര്യ വിഭാഗത്തിന്റെ ജനസംഖ്യാ ഡിവിഷനാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.