Asianet News MalayalamAsianet News Malayalam

കാനഡയിൽ 4 വിസ സർവീസുകൾ ഇന്ത്യ പുനരാരംഭിക്കും; നാളെ മുതൽ ലഭ്യമാകും

ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നതിൽ കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രാലയം കാനഡയെ അതൃപ്തി അറിയിച്ചിരുന്നു

India to restart some visa services in Canada kgn
Author
First Published Oct 25, 2023, 8:15 PM IST

ദില്ലി: നയതന്ത്ര തർക്കം തുടരുന്നതിനിടെ കാനഡിയിൽ ഇന്ത്യ ചില വിസ സർവീസുകൾ പുനരാരംഭിച്ചു. കാനഡ പൗരന്മാർക്ക് ഇന്ത്യയിലേക്ക് വരുന്നതിനുള്ള ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കൽ, കോൺഫറൻസ് വിസ സർവീസുകളാണ് നാളെ മുതൽ ലഭ്യമായി തുടങ്ങുക. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന നിലയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അവരുടെ പാർലമെന്റിൽ നടത്തിയ പ്രസ്താവനയോടെയാണ് ഇന്ത്യ കാനഡ ബന്ധം വഷളായത്.

ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നതിൽ കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രാലയം കാനഡയെ അതൃപ്തി അറിയിച്ചിരുന്നു. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരുടെ ഫോണുകൾ ഉൾപ്പടെ നിരീക്ഷിക്കുന്നതിലാണ് അതൃപ്തി അറിയിച്ചത്. ഇത് വിയന്ന കൺവൻഷൻ ചട്ടങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഉദ്യോഗസ്ഥർ സുരക്ഷാ ഭീഷണി നേരിടുന്നത് കൊണ്ടാണ് വിസ സർവ്വീസ് പുനഃസ്ഥാപിക്കാൻ കഴിയാത്തതെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞത്.  വിട്ടുകിട്ടേണ്ട ഭീകരരുടെ പട്ടിക കൈമാറിയിട്ടും കാനഡ ഇതിനു തയ്യാറാകുന്നില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. റെഡ്കോണർ നോട്ടീസ് ഉണ്ടായിട്ടും ഹർദീപ് സിംഗ് നിജ്ജറിന് എങ്ങനെ കനേഡിയൻ പൗരത്വം കിട്ടിയെന്നത് അന്വേഷിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ആഴ്ച കാനഡ 41 നയതന്ത്ര പ്രതിനിധികളെ പിൻവലിക്കുകയും ഇന്ത്യയിലെ മൂന്ന് റീജ്യണൽ ഓഫീസുകളിൽ വിസ സർവീസുകൾ നിർത്തിവെക്കുകയും ചെയ്തിരുന്നു. നയതന്ത്ര പ്രതിനിധികളെ പിൻവലിച്ച കാനഡയുടെ നടപടിയെ അമേരിക്കയും യുകെയും പിന്തുണച്ചിരുന്നു. ഇന്ത്യ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നുവെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പ്രതികരിച്ചിരുന്നു. 
 
എന്നാൽ കാനഡയോട് കോൺസുലേറ്റുകളിലെ വിസ സർവ്വീസ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും ദില്ലിയിലെ കാനഡ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം കാനഡയിലെ ഇന്ത്യൻ ഉദ്യോഗസ്ഥരുടേതിന് തുല്യമാക്കാനാണ് ആവശ്യപ്പെട്ടതെന്നുമായിരുന്നു ഇന്ത്യയുടെ പ്രതികരണം. കോൺസുലാർ സർവ്വീസ് നിർത്തിവച്ചത് വഴി സാധാരണക്കാരെ വലയ്ക്കുന്നത് കാനഡയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. തർക്കം നീളുന്നത് ഈ ശീതകാലത്ത് കനേഡിയൻ സർവ്വകലാശാലകളിൽ പ്രവേശനം നേടാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ വിസ നടപടികൾ വൈകാൻ ഇടയാക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios