Asianet News MalayalamAsianet News Malayalam

വ്യാപാര മുൻഗണന തിരികെ വേണമെന്ന് ഇന്ത്യ, ച‍ർച്ചയിലൂടെ പരിഹരിക്കാമെന്ന് അമേരിക്ക

ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. വ്യാപാര മുൻഗണനാപ്പട്ടികയിൽ തിരികെ ഉൾപ്പെടുത്തുന്നത് ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന് അമേരിക്ക നിലപാടെടുത്തു. 

india will continue to buying oil from Iran
Author
New Delhi, First Published Jun 26, 2019, 4:38 PM IST

ദില്ലി: ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തില്ലെന്ന് ഇന്ത്യ അമേരിക്കയെ അറിയിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോയുമായുള്ള ചർച്ചക്കിടെയായിരുന്നു വിദേശകാര്യമന്ത്രി എസ് ജയശങ്കർ നിലപാട് വ്യക്തമാക്കിയത്. അതേസമയം,വ്യാപാര മുൻ​ഗണനാ പട്ടികയിൽനിന്ന് ഇന്ത്യയെ ഒഴിവാക്കിയത് ചർച്ചയിലൂടെ പരിഹരിക്കുമെന്ന് മൈക് പോംപെയോ ഉറപ്പു നൽകി. ഇന്ത്യ-അമേരിക്ക നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയതാണ് മൈക്ക് പോംപെയോ. 

ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായാണ് പോംപെയോ ആദ്യം കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായും പോംപെയോ പ്രത്യേകം ചര്‍ച്ച നടത്തി. വ്യവസായം, ഊർജ്ജം തുടങ്ങിയ മേഖലകളിലാണ് ഇന്ന് ചർച്ച നടന്നത്.

ഇന്ത്യയും അമേരിക്കയും തമ്മിൽ ആഴമുള്ള ബന്ധമാണുള്ളതെന്ന് ചർച്ചയിൽ എസ് ജയശങ്കര്‍ പറഞ്ഞു. തീവ്രവാദത്തെ ചെറുക്കാൻ ഇന്ത്യ അമേരിക്കയുടെ സഹായം തേടി. ഭരണത്തിൽ അമേരിക്ക നൽകിയ പിന്തുണയ്ക്കും സഹായത്തിനും എസ് ജയശങ്കർ നന്ദി അറിയിച്ചു. അതേസമയം, തീവ്രവാദത്തെ ചെറുക്കാൻ ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും വാഗ്‍ദാനം ചെയ്യുന്നതായി മൈക്ക് പോംപെയോ വ്യക്തമാക്കി.

ജി-20 ഉച്ചകോടിക്കിടെ ജപ്പാനിലെ ഒസാക്കയില്‍ വച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയുടെ അജന്‍ഡ നിശ്ചയിക്കുക എന്ന ലക്ഷ്യം കൂടി  മൈക്ക് പോംപെയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഉണ്ട്. അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 റഷ്യയില്‍ നിന്നും വാങ്ങാന്‍ ഇന്ത്യ നേരത്തെ കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ അമേരിക്ക രംഗത്ത് വന്നത് നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചു പോംപെയുമായി എസ്. ജയശങ്കര്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കും എന്നാണ് കരുതുന്നത്. 
 

Follow Us:
Download App:
  • android
  • ios