സായുധസേനകളുടെ സംയുക്ത തിയേറ്റർ കമാൻഡിന് കരസേന മേധാവി ജനറൽ ഉപേന്ദ്രദ്വിവേദി പിന്തുണ പ്രഖ്യാപിച്ചു. ഒന്നിലധികം ശത്രുക്കളെ നേരിടേണ്ടി വന്നാൽ തിയേറ്ററൈസേഷൻ മാത്രമാണ് പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി.
ദില്ലി : സായുധസേനകളുടെ സംയുക്ത തിയേറ്റർ കമാൻഡിനെ പിന്തുണച്ച് കരസേന മേധാവി ജനറൽ ഉപേന്ദ്രദ്വിവേദി. ഒന്നിലധികം ശത്രുക്കളെ നേരിടേണ്ടി വന്നാൽ തിയേറ്ററൈസേഷൻ മാത്രമാണ് പരിഹാരമെന്ന് കരസേന മേധാവി വ്യക്തമാക്കി. തിയേറ്റർ കമാൻഡ് നടപ്പാക്കുന്നതിൽ വ്യോമസേന മേധാവി നേരത്തെ എതിർപ്പ് ഉയർത്തിയിരുന്നു.
ഏറെ നാളായി തുടരുന്ന ചർച്ചകളാണ് മൂന്ന് സേനകളുടെ സംയോജിത തിയേറ്റർ കമാൻഡ്. എന്നാൽ പൂർണ്ണമായി ഇത് നടപ്പാക്കുന്നതിൽ പ്രയോഗിക കടമ്പകൾ പലതുമുണ്ട്. സംയുക്ത സൈനികമേധാവിയായിരുന്ന ജനറൽ ബിപിൻ റാവത്ത് തിയേറ്റർ കമാൻഡിനായുള്ള നടപടികൾ തുടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ വിടവാങ്ങലോടെ ഇത് കാര്യമായി മുന്നോട്ട് പോയില്ല.
മൂന്ന് സേനകളും തമ്മിൽ ഈക്കാര്യത്തിൽ അഭിപ്രായവ്യത്യാസവും കടമ്പയായി. കഴിഞ്ഞമാസം ഇൻഡോറിൽ നടന്ന പ്രതിരോധസെമിനാറിൽ നിലവിള്ളതിനെ തകർത്ത് പുതിയൊരു ഘടന നല്ലതാവില്ലെന്ന് വ്യോമസേന മേധാവി എയർചീഫ് മാർഷൽ എപി സിങ്ങ് അഭിപ്രായപ്പെട്ടിരുന്നു. ഒപ്പം സംയോജിത കമാൻഡിന്റെ പേരിൽ സേനകൾ സമ്മർദ്ദങ്ങൾക്ക് അടിപ്പെടരുതെന്നും വ്യോമസേന മേധാവി കൂട്ടിച്ചേർത്തു. ഇതിനിടെയാണ് തിയേറ്റർ കമാൻഡിനെ പിന്തുണിച്ച് കരസേന മേധാവി എത്തുന്നത്. കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ തിയേറ്ററൈസേഷൻ യഥാർഥ്യമാവും.അതിന് എത്രസമയം എടുക്കുമെന്നതാണ് ഇപ്പോഴത്തെ ചോദ്യം. ഒരു യുദ്ധത്തിൽ ഒരു സേന മാത്രമായി പോരാടാനാകില്ലെന്നും അതിനാൽ ഐക്യകമാൻഡ് അത്യന്താപേക്ഷിതമാണെന്നും ജനറൽ ഉപേന്ദ്രദ്വിവേദി വ്യക്തമാക്കി.
തിയേറ്റർ കമാൻഡിന്റെ പേരിൽ തുറന്ന ചർച്ചകളാകാമെന്ന് സംയുക്ത സൈനിക മേധാവി അനിൽ ചൌഹാൻ പ്രതികരിച്ചിരുന്നു.ഈക്കാര്യത്തിലെ അഭിപ്രായവ്യത്യാസം പരിഹരിക്കുമെന്നും ജനറൽ അനിൽ ചൗഹാൻ പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് പിന്തുണച്ചുള്ള കരസേനമേധാവിയുടെ പ്രസ്താവന. ചൈനയെ കേന്ദ്രീകരിച്ചുള്ള ഉത്തരമേഖലാ തിയറ്റര്‍ കമാന്‍ഡ് ലഖ്‌നൗവിലും പാക്കിസ്താനെ കേന്ദ്രീകരിച്ചുള്ള പശ്ചിമമേഖലാ തിയറ്റര്‍ കമാന്‍ഡ് ജയ്പൂരിലും മാരിടൈം തിയറ്റര്‍ കമാന്‍ഡ് തിരുവനന്തപുരത്തും എന്ന നിലയിലാണ് സംയോജിത കമാന്‍ഡ് വിഭാവനം ചെയ്തിരുന്നത്.


