ശ്രീനഗറിൽ നിന്ന് റോഡ് മാർഗം യാത്ര ചെയ്യുന്നതിന്റെ ചിത്രം ഒമർ അബ്ദുള്ള പുറത്തുവിട്ടു. ജമ്മുവിലെത്തി വിമാനത്താവളവും ഇന്നലെ പാക് ഡ്രോണുകൾ എത്തിയ സ്ഥലങ്ങളും സന്ദർശിക്കും.
കശ്മീർ : ജമ്മുവിൽ രാത്രി പാകിസ്ഥാൻ നടത്തിയത് അതിശക്തമായ ആക്രമണ ശ്രമം. പാക് സൈന്യത്തിന്റെ നീക്കം ഇന്ത്യ ശക്തമായി ചെറുത്തു. ജമ്മു സർവകാലാശാലക്ക് സമീപത്ത് 2 ഡ്രോൺ ആക്രമണ ശ്രമങ്ങൾ സൈന്യം തകർത്തു. സർവകലാശാല അടച്ചു. സൈന്യം സർവകലാശാലക്കുള്ളിൽ പരിശോധന നടത്തി.
ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രാവിലെ ജമ്മുവിലെത്തും. ശ്രീനഗറിൽ നിന്ന് റോഡ് മാർഗം യാത്ര ചെയ്യുന്നതിന്റെ ചിത്രം ഒമർ അബ്ദുള്ള പുറത്തുവിട്ടു. ജമ്മുവിലെത്തി വിമാനത്താവളവും ഇന്നലെ പാക് ഡ്രോണുകൾ എത്തിയ സ്ഥലങ്ങളും സന്ദർശിക്കും. പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന മെഡിക്കൽ കോളേജിൽ എത്തും. പൂഞ്ചിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ കാണും. ജമ്മുവിൽ മുഖ്യമന്ത്രി ഉന്നതതല യോഗവും വിളിച്ചു.
പാക് സൈന്യത്തിന്റെ ഡ്രോൺ ആക്രമണങ്ങളും വെടിനിർത്തൽ ലംഘനങ്ങളും പരാജയപ്പെടുത്തിയതായി ഇന്ത്യൻ സേന അറിയിച്ചു. വ്യാഴാഴ്ച രാത്രി പാകിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തിയിൽ ഡ്രോണുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘിച്ചെന്നും സേന എക്സിൽ കുറിച്ചു. ഡ്രോൺ ആക്രമണങ്ങൾ ഫലപ്രദമായി പരാജയപ്പെടുത്തി. വെടിനിർത്തൽ ലംഘനങ്ങൾക്ക് ഉചിതമായ മറുപടി നൽകി എന്നും സേന കൂട്ടിച്ചേർത്തു.
ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പാകിസ്ഥാൻ ഡ്രോണിനെ വീഴ്ത്തുന്നതിന്റെ ഒരു ചെറിയ വീഡിയോയും സൈന്യം പങ്കിട്ടു. രാജ്യത്തിന്റെ പരമാധികാരവും പ്രദേശിക അഖണ്ഡതയും സംരക്ഷിക്കാൻ ഇന്ത്യൻ സേന പ്രതിജ്ഞാബദ്ധമാണ്. എല്ലാ ദുഷ്ടലക്ഷ്യങ്ങളെയും ശക്തമായി നേരിടും എന്നും സേനയുടെ പ്രസ്താവനയിൽ പറയുന്നു.


