ദില്ലി: ഇന്ത്യന്‍ ആര്‍മിയില്‍ പ്രത്യേക മനുഷ്യാവകാശ സെല്‍ രൂപീകരിക്കാന്‍ തീരുമാനമായി. സെെനികര്‍ നേരിടുന്ന അവകാശലംഘനങ്ങളെ പരിശോധിക്കുന്ന നോഡല്‍ ബോഡിയായി  ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ തന്നെയാകും ഈ സെല്‍ പ്രവര്‍ത്തിക്കുക. മേജര്‍ ജനറല്‍ റാങ്ക് ഓഫീസറായിരിക്കും മനുഷ്യാവകാശ സെല്ലിന്‍റെ തലവന്‍.

ഒപ്പം ഡപ്യൂട്ടേഷനില്‍ ഒരു ഐപിഎസ് ഓഫീസറും ഉണ്ടായിരിക്കുമെന്ന് ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു. ഇതുകൂടാതെ ആര്‍മി ചീഫിന്‍റെ കീഴില്‍ ഒരു വിജിലന്‍സ് സെല്ലും ആരംഭിക്കാന്‍ തീരുമാനമായിട്ടുണ്ട്. നാവിക, വ്യോമ സേനകളില്‍ നിന്നുള്ള പ്രതിനിധികളും ഈ സെല്ലില്‍ ഉണ്ടാകും.

ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടപ്പാക്കുന്ന പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് മാറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. ജമ്മു കശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച ആരോപണങ്ങള്‍ ഇന്ത്യന്‍ ആര്‍മി നേരിടുന്നുണ്ട്.

എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ എല്ലാം വ്യാജമാണെന്ന് ആര്‍മി വക്താക്കള്‍ വ്യക്തമാക്കുന്നു. മനുഷ്യാവകാശ സെല്ലിന്‍റെ മെച്ചപ്പെട്ട പ്രവര്‍ത്തിനായാണ് ഐപിഎസ് ഉദ്യോഗസ്ഥനെ ഡപ്യൂട്ടേഷനില്‍ നിയമിക്കുന്നത്.