ശ്രീനഗര്‍: പാക് ഷെല്ലാക്രമണത്തിന് ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് പിന്നാലെയാണ് ഇന്ത്യ തിരിച്ചടിച്ചത്. ജമ്മുവില്‍ നിയന്ത്രണരേഖയില്‍ രണ്ടിടങ്ങളിലായാണ് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയതെന്ന് സൈനിക വക്താവ് വിശദമാക്കി. കുപ്വാര ജില്ലയിലെ കെറാന്‍ മേഖലയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.

നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പാകിസ്ഥാന്‍റെ ആയുധശേഖരത്തിനും ഭീകര കേന്ദ്രങ്ങള്‍‌ക്കും ഇന്ത്യയുടെ ബോഫേഴ്സ് തോക്കുകള്‍ ഉപയോഗിച്ചുള്ള തിരിച്ചടിയില് കനത്ത നാശനഷ്ടമുണ്ടായെന്ന് സൈനിക വക്താവ് വിശദമാക്കി. നേരത്തെ അഞ്ച് ഭീകരരെ ഇന്ത്യന്‍ സൈന്യത്തിന്‍റെ പ്രത്യേകവിഭാഗം വധിച്ച മേഖലയാണ് ഇത്. ആക്രമണം നടന്ന മേഖലയിലെ ഡ്രോണ്‍ചിത്രങ്ങളും സൈന്യം പുറത്ത് വിട്ടു.