ഇന്ത്യൻ നാവികൻ്റെ മരണത്തിൽ വെനിസ്വേലൻ അധികൃതരോട് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി. കാരക്കാസിലെ ഇന്ത്യൻ എംബസി ആണ് നാവികൻ്റെ ആന്തരികാവയവങ്ങൾ കാണാതായതിൽ ദുരൂഹത തുടരുന്നതിനിടെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. 

കാരക്കാസ്: വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികൻ്റെ ആന്തരികാവയവങ്ങൾ കാണാതായ സംഭവത്തിൽ ഇടപെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വെനിസ്വേലൻ അധികൃതരോട് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടതായി വെനസ്വേലയിലെ ഇന്ത്യൻ എംബസി അറിയിച്ചു. വിവരങ്ങൾ പുറത്തുവന്നതുമുതൽ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടുവരുന്നതായും ഇന്ത്യൻ എംബസി അറിയിച്ചു. ഉത്തർ പ്രദേശ് സ്വദേശിയായ രാകേഷ് ചൗഹാൻ്റെ മരണത്തിലാണ് വിദേശകാര്യ മന്ത്രാലയം ഇടപെടുന്നത്. ഇന്ത്യയിൽ എത്തിച്ച രാകേഷിൻ്റെ മൃതദേഹത്തിൽ അവയവങ്ങൾ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെനസ്വേലയിൽ കപ്പൽ ജീവനക്കാരനായിരുന്ന രാകേഷ് ചൗഹാന്റെ മരണത്തിൽ രാകേഷ് ജോലിചെയ്തിരുന്ന കമ്പനി വ്യക്തമായ വിശദീകരണം നൽകിയിട്ടില്ലെന്ന് ഭാര്യ രജ്ഞന കഴിഞ്ഞ ദിവസം വാ‍ർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞിരുന്നു. ഭർത്താവിൻ്റേത് കൊലപാതകമാണെന്നും അതിന് ശേഷം അവയവങ്ങൾ നീക്കം ചെയ്തുവെന്നും ഭാര്യ ആരോപിച്ചിരുന്നു. നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതുവരെ തങ്ങൾക്ക് വ്യക്തമായ ഒരു റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ഭർത്താവിൻ്റെ സാധന സാമ​ഗ്രികൾ മടക്കിനൽകിയിട്ടില്ലെന്നും ഭാര്യ വ്യക്തമാക്കിയിരുന്നു.

മെയ് മാസം ആറാം തീയതിയാണ് രാകേഷുമായി അവസാനമായി സംസാരിച്ചതെന്നാണ് ഭാര്യ പറയുന്നത്. ഡ്യൂട്ടിക്ക് പോയി രണ്ടുമൂന്ന് മണിക്കൂറിന് ശേഷം രാകേഷ് അപകടത്തിൽപെട്ടുവെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്നും പറഞ്ഞ് ഭ‍ർതൃപിതാവിന് കോൾ ലഭിക്കുകയായിരുന്നുവെന്നും ഭാര്യ പറഞ്ഞു. ഇന്ത്യയിൽ എത്തിച്ച മൃതദേഹം കുടുംബത്തിൻ്റെ ആവശ്യപ്രകാരം വീണ്ടും പോസ്റ്റ് മോർ‌ട്ടത്തിന് വിധേയമാക്കിയപ്പോഴാണ് ആന്തരികാവയവങ്ങൾ ഇല്ലെന്ന് കണ്ടെത്തിയത്. ഇതേ തുട‍ർന്ന് കുടുംബം വിദേശകാര്യ മന്ത്രാലയത്തിനടക്കം പരാതി നൽകിയിരുന്നു.

വിഷയം, ഫോ‍ർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ ഏറ്റെടുത്തതോടെ ആണ് ശ്രദ്ധ നേടിയത്. മൃതദേഹത്തിൽ തലച്ചോറ്, ഹൃദയം, ഇരു ശ്വാസകോശം, വൃക്കകൾ, കരൾ, പാൻക്രിയാസ് തുടങ്ങിയ അവയങ്ങൾ ഇല്ലെന്ന് യൂണിയൻ വ്യക്തമാക്കി. സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വെനസ്വേലയിലെ ഇന്ത്യൻ എംബസിയും ഇടപെടണമെന്നും യൂണിയൻ ആവശ്യപ്പെട്ടിരുന്നു.